കണ്ണൂർ: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കണ്ണപുരം ചുണ്ട സ്വദേശി സരീഷ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കർണാടകയിലെ ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്ന് പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.
മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരം കണ്ണൂർ ടൗൺ പൊലിസാണ് കേസെടുത്തത്. 2019 കൊല്ലൂരിൽ വെച്ച് പരിചയപ്പെട്ട രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് പണം വാങ്ങിയെതെന്ന് പരാതിക്കാരൻ സരീഷ് ബാലഗോപാൽ പരാതിയിൽ പറയുന്നു. അഞ്ചു സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നും പരാതിതിയിൽ പറയുന്നു.
വില്ല ലഭിക്കാതെ വന്നപ്പോൾ, പരാതിക്കാരൻ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവരെ നിരന്തരം ബന്ധപ്പെട്ടു. അപ്പോൾ പ്രതികൾ പറഞ്ഞത്, പ്രസ്‌തുത സ്‌ഥലത്ത് ശ്രീശാന്തിന് ക്രിക്കറ്റ് പ്രോജക്‌ട് തുടങ്ങുകയാണ് എന്നായിരുന്നു മറുപടി. പിന്നീട്, പരാതിക്കാരൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായി, പരാതിക്കാരന് ശ്രീശാന്തിനെ നേരിട്ട് കാണാനായി. ഈ സമയത്ത്, തന്റെ പ്രോജക്‌ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്ന് ശ്രീശാന്ത് വാഗ്‌ദാനം ചെയ്‌തെന്നും പരാതിയിൽ പറയുന്നു.
പിന്നീട്, നടപടിയൊന്നും ഉണ്ടാകാത്തതോടെയാണ് പരാതിക്കാരൻ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. എന്നാൽ, പരാതിയിൽ വ്യക്‌തത കുറവുണ്ടെന്നും ശ്രീശാന്തിനെതിരെ കേസെടുക്കാനുള്ള തെളിവുകൾ കാണുന്നില്ലെന്നും സത്യാവസ്‌ഥ അന്വേഷിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ മലബാർ ന്യൂസിനോട് പറഞ്ഞു.
Most Read| വീണ്ടും മഹാമാരി? ചൈനയിൽ കുട്ടികളിൽ പടർന്നു പിടിച്ചു ‘അജ്‌ഞാത ന്യുമോണിയ’