തിരുവനതപുരം: കേരളത്തിൽ ഓണത്തിന് സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം നാളെ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കും. ഓഗസ്‌റ്റ് 23 ചൊവാഴ്‌ച മുതൽ ഓണക്കിറ്റ് പൊതുജങ്ങൾക്ക് ലഭ്യമായി തുടങ്ങും.തുണിസഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. സെപ്റ്റംബര്‍ 7 വരെ കിറ്റുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം.
447 രൂപ ചെലവ് വരുന്ന കിറ്റാണ് അർഹരായ ഓരോരുത്തർക്കും ലഭിക്കുക. റേഷന്‍കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കാന്‍ 400 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കിറ്റ് നല്‍കുന്നതിലേക്കായി സംസ്‌ഥാന സര്‍ക്കാര്‍ 220 കോടി രൂപയാണ് ആകെ അനുവദിച്ചത്. 87 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് റേഷൻകാർഡ് ഉടമകൾക്കായി തയ്യാറാക്കുന്നത്.
പഴയ കരാറുകാര്‍ക്ക് കോടികള്‍ കുടിശിക കൊടുത്തു തീര്‍ക്കാനുള്ളത് കൊണ്ട് പുതിയ കരാറുകാര്‍ കടമായിനൽകാൻ തയ്യാറയില്ല. അതിനാൽ സർക്കാർ റൊക്കം പണം നല്‍കിയാണ് സര്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങുന്നത്.
ഇത്തവണ കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാവില്ല. വെളിച്ചെണ്ണ പ്രത്യേകമായി റേഷന്‍ കട വഴി ലഭ്യമാക്കും. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സർക്കാരിന് തലവേദന സൃഷ്‌ടിച്ച പപ്പടവും ശർക്കരക്കും പകരം ഇത്തവണ മിൽമ നെയ്യും കശുവണ്ടിയുമാണ് ലഭിക്കുക.
സപ്ളൈകോ സ്‌റ്റോറുകളോട് ചേർന്ന് കൂടുതൽ സ്‌ഥലങ്ങൾ കണ്ടെത്തി പാക്കിംഗ് തുടരുകയാണ്. നിശ്‌ചിത തീയതിക്കകം കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏറ്റവുമൊടുവില്‍ നാല് ദിവസം കിറ്റ് വാങ്ങാന്‍ വേണ്ടി അനുവദിക്കും. സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ നേരത്തെ നിശ്‌ചയിച്ച തീയതികളിൽ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് കിറ്റുകള്‍ വാങ്ങാം.
ഓഗസ്‌റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യും. ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കുമുള്ള കിറ്റുകളാണ് വിതരണം ചെയ്യുക. വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വിതരണം ചെയ്യും.
Most Read: വൈസ് ചാൻസ്‌ലർ പാര്‍ട്ടി കേഡറെ പോലെ പെരുമാറുന്നു; ഗവർണർ