ചോളമുണ്ടയിലെ തരിശ് ഭൂമിയെ കതിരണിയിക്കാന്‍ ഗഫൂര്‍ കല്ലറയും നാട്ടുകാരും

By Desk Reporter, Malabar News
Cholamunda-Malabar News
ചോളമുണ്ടയിലെ തരിശ് ഭൂമിയില്‍ ഞാറു നടീല്‍ പുരോഗമിക്കുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലുള്ള മൂത്തേടം പഞ്ചായത്തിലെ ചോളമുണ്ടയിലാണ് പുതിയ കൃഷി വിപ്ലവം ആരംഭിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കൃഷിയിറക്കാതെ തരിശായി കിടന്ന പാടശേഖരമാണിത്. അഞ്ചേക്കറോളം വരുന്ന ഈ സ്ഥലം പാട്ടത്തിനെടുത്താണ് ഗഫൂര്‍ കല്ലറയുടെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യ പരീക്ഷണം നെല്‍ക്കൃഷിയാണ്.

സ്ഥലം നെല്‍ക്കൃഷിക്കായി പരുവപ്പെടുത്തി ബുധനാഴ്ച്ച ഞാറു നടീല്‍ ആരംഭിച്ചു. രണ്ടു ദിവസംകൊണ്ട് നടീല്‍ പൂര്‍ത്തിയാകും. ഉത്സവ പ്രതീതിയില്‍ നടന്ന ഞാറു നടീല്‍ പരിപാടിയില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഞാറ് നടീല്‍ നടന്നത്. നെല്‍ക്കൃഷിയെന്നത് അന്യം നിന്ന് പോവുന്ന ഈ കാലത്ത് പുതു തലമുറക്ക് അനുഭവങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനും, പഴമക്കാര്‍ക്ക് പഴയകാല അനുഭവം പുതുക്കുന്നതിനും വലിയ അവസരമാണ് ഇത്തരം കാര്‍ഷിക പ്രവര്‍ത്തികളെന്ന് ഗഫൂര്‍ കല്ലറ വ്യക്തമാക്കി.

Local News: കുട്ടിയുടെ തല കലത്തില്‍ കുടുങ്ങി; രക്ഷയായത് അഗ്‌നിശമന സേന

‘നേതൃത്വം എന്റെയാണെങ്കിലും നാട്ടുകാരാണ് എന്റെ കരുത്ത്. അവരുടെ ആത്മാര്‍ത്ഥമായ സഹകരണവും പരിശ്രമവുമാണ് ഈ ഉദ്യമം ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒപ്പം ചേരാന്‍, എന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സുഹൃത്തുകളും കാണിച്ച താല്‍പര്യവും പ്രചോദനമായി. മൂത്തേടം കൃഷി ഭവന്റെ സഹകരണത്തോടെ ‘ഉമ’ ഇനത്തില്‍പ്പെട്ട നെല്ലാണ് ആദ്യ ഘട്ടം കൃഷിയിറക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള പ്രദേശമാണിത്. ഇത് എത്രമാത്രം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അറിയില്ല. എങ്കിലും ഞങ്ങള്‍ മുന്നോട്ടു പോകുകയാണ്.’ ഗഫൂര്‍ കല്ലറ പറഞ്ഞു.

Gafoor Kallara _ Malabar News
ഗഫൂർ കല്ലറ

ഞങ്ങളുടെ സമീപ പ്രദേശത്ത് ഇത്രയധികം സ്ഥലത്ത് നെല്‍ക്കൃഷി വേറെ ചെയ്യുന്നതായി അറിയില്ല. ഒരു ദശാബ്ദമായി ഈ സ്ഥലം കാടുമൂടി കിടക്കുകയാണ്. ഞാനെപ്പോഴും ചിന്തിക്കും; വെറുതെ കിടക്കുന്ന ഇതുപോലുള്ള സ്ഥലങ്ങള്‍ മനുഷ്യ സമൂഹത്തിന് ഗുണകരമായ രീതിയില്‍ കൃഷി ചെയ്താല്‍ എത്ര നന്നായിരിക്കുമെന്ന്. ആ ചിന്തയാണ് എന്നെ ഇത്തരത്തിലുള്ള പ്രവര്‍ത്തികളിലേക്ക് നയിക്കാന്‍ കാരണമായത്; ഗഫൂര്‍ കല്ലറ കൂട്ടിച്ചേര്‍ത്തു.

“പണത്തിന്റെ ലാഭ നഷ്ട കണക്കിനേക്കാള്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്രകൃതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക, മനുഷ്യരുടെ ഭക്ഷണത്തിലേക്ക് വേണ്ടി ഒരു ചെറിയ പങ്ക് വഹിക്കാന്‍ കഴിയുക എന്നതൊക്കെ നമ്മുടെ ഉള്ളില്‍ നല്‍കുന്ന സംതൃപ്തിയാണ് ഏറ്റവും വലുത്. അത് അടുത്ത തലമുറക്ക് കൂടി ആസ്വദിക്കാന്‍ കഴിയുന്ന ഒരു രീതി വളര്‍ത്തിക്കൊണ്ട് വരിക എന്നതും ഇത്തരം പ്രവര്‍ത്തികളുടെ പിന്നിലെ ലക്ഷ്യമാണ്”. ഗഫൂര്‍ തന്റെ നയം വ്യക്തമാക്കുന്നു.

കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിമൂലം വീടുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാതെ, വിഷമിച്ചിരുന്ന 31 കുടുംബങ്ങള്‍ക്ക് വീട് പുതുക്കിപ്പണിത് നല്‍കിയ കര്‍മ്മത്തിലും ഗഫൂര്‍ കല്ലറ പങ്കാളിയായിരുന്നു. ഈ കൂട്ടായ്മയുടെ ചെയര്‍മാനായിരുന്നു ഗഫൂര്‍ കല്ലറ. നാട്ടിലെ 32 ക്ലബ്ബുകളുടെയും സ്‌പോണ്‍സര്‍മാരുടെയും സഹകരണത്തോടെ നടത്തിയ ഈ സാമൂഹിക ദൗത്യത്തില്‍ ഷരീഫ് കാരപ്പുറം, മൂസ ചോളമുണ്ട, റിഥിക് വാസ് എന്നിവരടങ്ങുന്ന ഒരു പറ്റം ആളുകള്‍ ഗഫൂര്‍ കല്ലറക്ക് കൂട്ടായുണ്ടായിരുന്നു. നിരവധി ജീവ കാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന പ്രദേശത്തെ പ്രശസ്തമായ പ്രിയദര്‍ശിനി ചാരിറ്റി & കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കൂടിയാണ് ഗഫൂര്‍ കല്ലറ.

കാര്‍ഷിക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഇദ്ദേഹത്തിന് കൃഷിയെന്നത് ജീവ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. ബിസിനസ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദമുള്ള ഗഫൂര്‍ കല്ലറ മൂത്തേടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകനാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ നല്ല അദ്ധ്യാപകനായി തുടരുമ്പോഴും സാമൂഹിക കാര്യങ്ങളില്‍ നാട്ടുകാരുടെ കൂടി അദ്ധ്യാപകനാവാറുണ്ട് ഗഫൂര്‍ കല്ലറ പലപ്പോഴും. സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ അവാര്‍ഡ്, എന്‍.എസ്.എസ് സ്റ്റേറ്റ് അവാര്‍ഡ്, നാഷണല്‍ യംഗ് ലീഡേഴ്സ് അവാര്‍ഡ് എന്നിവ ഇദ്ദേഹം നേടിയിട്ടുണ്ട്. അഹമ്മദ് കല്ലറയുടെയും മറിയുമ്മയുടെയും മകനായ ഗഫൂറിന്റെ സഹധര്‍മ്മിണി സബീലയാണ്. രണ്ട് കുട്ടികള്‍; വിഷാന്‍, ഹെമിന്‍.

SYS News: ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE