ലക്നൗ : ഹത്രസ് കൂട്ടബലാല്‍സംഗ കേസില്‍ എസ്‌ഐടി സംഘം ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ ബലാൽസംഗവും കൊലപാതകവും രാജ്യവ്യാപക പ്രതിഷേധം സൃഷ്‌ടിച്ച സാഹചര്യത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചതാണ് എസ്‌ഐടി സംഘത്തിനെ. സംഘം പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. ഒപ്പം തന്നെ ബലാല്‍സംഗം നടന്ന സ്‌ഥലവും സന്ദര്‍ശിച്ചു. ഇതിനെ എല്ലാം അടിസ്‌ഥാനത്തിലാണ് ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. എസ്‌ഐടി സംഘം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് പോലീസിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
ഒപ്പം തന്നെ ഹത്രസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളിയായ മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ചീഫ് ജസ്‌റ്റിസ് എസ്എ ബോഡ്‌വേയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഹത്രസ് കേസ് പരിഗണിച്ചിരുന്നു. സംഭവം രാജ്യത്തെയാകെ ഞെട്ടിക്കുന്നതാണെന്ന അഭിപ്രായത്തോടെയാണ് കേസ് പരിഗണിച്ചത്.
Read also : തീവണ്ടി യാത്ര; ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം നീട്ടി
കേസ് പരിഗണിച്ച ശേഷം സുപ്രീംകോടതി പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാ വിധ നിയമസഹായങ്ങളും ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി. കേസില്‍ മറ്റേതെങ്കിലും മുതിര്‍ന്ന അഭിഭാഷകനെ ആവശ്യമെങ്കില്‍ പേര് നിര്‍ദ്ദേശിച്ചാൽ അത് പരിഗണിക്കുമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും കേസിലെ സാക്ഷികള്‍ക്കും നല്‍കുന്ന സുരക്ഷയെ പറ്റി യുപി സര്‍ക്കാര്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
ഹത്രസ് കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമോ എസ്‌ഐടി അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ യുപി സര്‍ക്കാര്‍ അറിയിച്ചത് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആകാമെന്ന നിലപാടാണ്. പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി തന്നെ സംസ്‌കരിച്ചത് വലിയ അക്രമങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണെന്ന് സുപ്രീംകോടതിയില്‍ യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത അറിയിച്ചു. സംസ്‌ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചുള്ള സത്യവാങ്മൂലം ഹാജരാക്കാന്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം തന്നെ കേസ് അടുത്ത ആഴ്‌ച വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
National News : എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്