ലഖ്‌നൗ: ഹത്രസില്‍ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മാദ്ധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രവേശനമെന്നും രാഷ്‌ട്രീയക്കാര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദം ഇല്ലെന്നും ഹത്രസ് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനോ, മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പോകാനോ മാദ്ധ്യമങ്ങള്‍ക്കോ രാഷ്‌ട്രീയക്കാര്‍ക്കോ അനുവാദം ഉണ്ടായിരുന്നില്ല. രാജ്യമെമ്പാടും പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ യു പി സര്‍ക്കാര്‍ തയ്യാറായത്.
പെണ്‍കുട്ടിയുടെ കുടുംബം വീട്ടുതടങ്കലിൽ ആണെന്ന വാര്‍ത്ത മജിസ്‌ട്രേറ്റ്
നിഷേധിച്ചു. ആരുടേയും ഫോണുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മാദ്ധ്യമങ്ങളോടുള്ള പ്രതികരണം അറിയാന്‍ മഫ്‌തിയില്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി തന്നെ സംസ്‌കരിച്ച പൊലീസിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഹത്രസ് എസ്.പിയെയും ഡി.എസ്.പിയെയും യോഗി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡെറിക് ഒബ്രിയാന്‍ തുടങ്ങിയവരെ യു പി പോലീസ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തിരുന്നു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി ജന്തര്‍ മന്ദിറില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
Read also: രാഹുല്‍ ഗാന്ധിയുടെ ഹത്രസ് സന്ദര്‍ശനം; യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടുതടങ്കലില്‍