തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്കൻ തീരങ്ങളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ കേരളവും അതീവ ജാഗ്രതയിൽ. സംസ്‌ഥാനത്ത് മൂന്ന് ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് കാറ്റും മഴയും ശക്‌തമാകുന്നത്. ഡിസംബർ 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ഡെല്‍ഹി ചലോ; പഞ്ചാബ് മുഖ്യമന്ത്രിക്ക് വീഴ്‌ച പറ്റിയെന്ന് മനോഹര്‍ലാല്‍ ഖട്ടാർ
24 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ലഭിക്കുന്ന ശക്‌തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓറഞ്ച്, റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.