മഴ ശക്‌തമാകുന്നു; എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് സാധ്യത, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

By Team Member, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൊതുകുകള്‍ പെരുകുന്നത് കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും, മലിനമായ ജലം കുടിവെള്ള സ്രോതസുകളില്‍ കലരുന്നത് വഴി വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വര്‍ധിക്കാന്‍ കാരണമാകും.

മലിനജല സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ളിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിൽസ തേടിയാല്‍ രോഗം ഗുരുതരമാകാതെ ഭേദപ്പെടുത്താന്‍ സാധിക്കും. അതിനാല്‍ മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

പെട്ടെന്നുണ്ടാകുന്ന ശക്‌തമായ പനി, വിറയൽ, കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞ നിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളാണ് പ്രധാനമായും ഉണ്ടാകുക. ശക്‌തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാകുന്നെങ്കില്‍ എലിപ്പനി ആണോയെന്ന് ബലമായി സംശയിക്കണം. കൂടാതെ മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്‌മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവയും രോഗലക്ഷണങ്ങളായി ഉണ്ടാകാറുണ്ട്.

എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്‌തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്‌തസ്രാവം ഉണ്ടാവാം. ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിൽസ തേടിയാൽ രോഗം ഗുരുതരമാകുന്നത് പരമാവധി ഒഴിവാക്കാൻ സാധിക്കും. അതിനാൽ ആളുകൾ കൃത്യമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

രോഗവ്യാപനം ഉണ്ടാകുന്നത് തടയുന്നതിനായി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്‌തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ കൃത്യമായി ഉപയോഗിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.

കൂടാതെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സിസൈക്ളിന്‍ ഗുളിക 200 എംജി(100 എംജിയുടെ രണ്ട് ഗുളിക) ആഴ്‌ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം തുടരുന്ന അത്രയും കാലം ഡോക്‌സിസൈക്ളിന്‍ പ്രതിരോധം തുടരേണ്ടത് അനിവാര്യമാണെന്നും അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും, യാതൊരു കാരണവശാലും സ്വയം ചികിൽസ ചെയ്യാൻ പാടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also : കോവിഡ്; പ്രതിരോധ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ സ്‌പെഷ്യൽ ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE