മുംബൈ: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ മുംബൈയില്‍ വ്യാപക നാശനഷ്‌ടം. കനത്ത മഴയെ തുടര്‍ന്ന് താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രധാന റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി. റോഡിനരികില്‍ നിർത്തിയിട്ട കാറുകള്‍ പലതും വെള്ളത്തില്‍ ഒഴുകി നടന്നു. അടുത്ത അഞ്ച് ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും 176.96 മില്ലിമീറ്റര്‍ മഴയാണ് രണ്ടു ദിവസമായി രേഖപ്പെടുത്തിയത്. കിഴക്കന്‍ പ്രാന്ത പ്രദേശങ്ങളില്‍ യഥാക്രമം 204.07 മില്ലിമീറ്ററും പടിഞ്ഞാറന്‍ പ്രദേശങ്ങളിൽ 195.48 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
മുംബൈയിലെ ചുനഭട്ടി, സയണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്പൂര്‍, കുര്‍ള, എല്‍ബിഎസ് മാര്‍ഗ് തുടങ്ങി നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ട് നേരിടുന്നുണ്ട്. താഴ്‌ന്ന പ്രദേശങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറിയതോടെ പലര്‍ക്കും വീട് വിട്ടിറങ്ങേണ്ടി വന്നു. മുട്ടോളം വെള്ളത്തില്‍ നീന്തിയാണ് ജനങ്ങൾ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറിയത്.
ചെമ്പൂര്‍, വിക്രോളി, ഭാണ്ഡൂപ് എന്നിവിടങ്ങളിലാണ് മഴയില്‍ കനത്ത നാശനഷ്‌ടങ്ങള്‍ ഉണ്ടായത്. മൂന്നിടങ്ങളിലായി നടന്ന അപകടങ്ങളില്‍ 24 പേരുടെ മരണം ഇതുവരെ റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. കനത്ത മഴയില്‍ ലോക്കല്‍ ട്രെയിന്‍ സേവനം പൂര്‍ണമായും നിലച്ചു.
അപകടത്തിൽപെട്ട ആളുകളുടെ കുടുംബത്തിന് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായം നൽകുക.
Most Read: വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്