ചെന്നൈ: ദുരിത പെയ്‌ത്തിൽ വിറങ്ങലിച്ചു തമിഴ്‌നാട്. തെക്കൻ തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുകയാണ്. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്‌ഥാ വിഭാഗം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇടതടവില്ലാതെ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധിയാണ്. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മാഞ്ചോലൈ മലയിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നിർദ്ദേശപ്രകാരം മന്ത്രിമാർ ജില്ലകളിലെത്തി ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുന്നതിനായി ബോട്ടുകളും താമസിപ്പിക്കുന്നതിനായി ദുരിതാശ്വാസ കേന്ദ്രങ്ങളും സജ്‌ജമാക്കി വെക്കാൻ കളക്‌ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 50 അംഗങ്ങൾ വീതമുള്ള രണ്ടു എൻഡിആർഎഫ് സംഘം കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിൽ എത്തിയിട്ടുണ്ട്. കന്യാകുമാരി ജില്ലയിൽ മൂന്ന് എൻഡിആർഎഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Most Read| ഇനിമുതൽ വാഹനങ്ങൾ തടയില്ല, അകമ്പടി വാഹനങ്ങളും കുറച്ചു തെലങ്കാന മുഖ്യമന്ത്രി