വിവാഹത്തിന് എത്തിയവർക്ക് തിരികെ സമ്മാനം (റിട്ടേൺ ഗിഫ്‌റ്റ്) നൽകുന്ന പരിപാടി പലരും പിന്തുടരാറുണ്ട്. ഇത്തരത്തിൽ വേറിട്ട സമ്മാനങ്ങൾ നൽകി പലരും സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. ബിഹാറിൽ നിന്നുള്ള ദമ്പതികൾ ‘ഹെൽമെറ്റ്’ സമ്മാനമായി നൽകിയാണ് ഇപ്പോൾ കയ്യടി നേടുന്നത്. വിവാഹത്തിന് എത്തിയ 21 പേർക്കാണ് യുവദമ്പതികൾ ഹെൽമെറ്റ് സമ്മാനമായി നൽകിയത്. റോഡ് സുരക്ഷയെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായാണ് ഈ ആശയം നടപ്പിലാക്കിയതെന്ന് ബിഹാറിലെ സരൺ ജില്ലയിൽ നിന്നുള്ള വികാസ് മിശ്രയും ബേബി കുമാരിയും പറഞ്ഞു.
എന്നാൽ, ബോധവൽകരണം മാത്രമല്ല ഇതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ബേബി കുമാരിക്ക് നാല് വർഷം മുൻപ് തന്റെ അമ്മാവനെ വാഹനാപകടത്തിൽ നഷ്‌ടപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് തന്റെ വിവാഹത്തിന് ഹെൽമെറ്റ് സമ്മാനമായി നൽകുമെന്ന് യുവതി പ്രതിജ്‌ഞ ചെയ്‌തത്. ‘ഹെൽമറ്റ് മാൻ’ എന്നറിയപ്പെടുന്ന ഡെൽഹി പോലീസ് കോൺസ്‌റ്റബിൾ ഷാഹിയും പ്രചോദനമായിരുന്നു. ട്രാഫിക് നിയമലംഘകർക്ക് ഹെൽമറ്റ് സമ്മാനിച്ച് വാർത്തകളിൽ ഇടം നേടിയ വ്യക്‌തിയാണ് ഷാഹി.
”പ്രകൃതി നമുക്ക് സമ്മാനിച്ച ജീവൻ സംരക്ഷിക്കേണ്ടത് മനുഷ്യനെന്ന നിലയിൽ നമ്മുടെ കടമയാണ്. ഞങ്ങളുടെ ജീവിതകാലം മുഴുവൻ റോഡ് സുരക്ഷയെക്കുറിച്ച് ആളുകളിൽ ബോധവൽകരണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്”; ബേബി കുമാരിയെ ചേർത്ത് നിർത്തി വികാസ് മിശ്ര പറഞ്ഞു.
പല രാജ്യങ്ങളും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് റോഡപകടങ്ങൾ. ഇതിൽ ഇന്ത്യയുടെ സ്‌ഥാനം മുന്‍നിരയിലാണ്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ 199 രാജ്യങ്ങളിൽ വെച്ച്, ഇന്ത്യയാണ് ഒന്നാം സ്‌ഥാനത്ത്. ഈ സാഹചര്യത്തിൽ ദമ്പതികളുടെ പ്രവർത്തി അഭിനന്ദനാർഹമാണെന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ കുറിക്കുന്നു.
Most Read: 102ആം വയസിലും പച്ചക്കറി വിൽപന; ജീവിതത്തോട് പൊരുതി ലക്ഷ്‌മിയമ്മ