ഇടുക്കി ഡാം ഇന്ന് തുറക്കും; 11 ഡാമുകളില്‍ റെഡ് അലര്‍ട്

By News Bureau, Malabar News
idukki dam shutter open
Ajwa Travels

തിരുവനന്തപുരം: ഇടുക്കി ഡാം ഇന്ന് തുറക്കും. മൂന്ന് ഷട്ടറുകള്‍ 35 സെമീ ആണ് ഉയര്‍ത്തുക. ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. യാതൊരു ആശങ്കയും വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ വ്യക്‌തമാക്കി. ഇന്ന് 11 ഡാമുകളില്‍ റെഡ് അലര്‍ട്ടുണ്ട്.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കുന്നത്. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്റെ പശ്‌ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്‍റ്റിന്‍ പറഞ്ഞു.

അഞ്ച് ഷട്ടറുകളാണ് ഡാമിനുള്ളത്. അവയില്‍ മധ്യത്തിലെ മൂന്ന് ഷട്ടറുകളാണ് 11 മണിക്ക് തുറക്കുക. ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം സ്‌പില്‍വേയിലൂടെ പുറത്തെത്തും.

മന്ത്രി റോഷി അഗസ്‍റ്റിന്‍ സ്‌ഥലത്ത് ക്യാംപ് ചെയ്‌ത്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ സജ്‌ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അഞ്ച് വില്ലേജുകളിലുള്ള കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ട്. ഇടുക്കി വില്ലേജിലാണ് ഏറ്റവുമധികം ക്യാംപുകളുള്ളത്. കൂടാതെ ഫയര്‍ ഫോഴ്സ്, പോലീസ്, റവന്യു വകുപ്പുകള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്‌തമാക്കി.

അതേസമയം വെള്ളം ഒഴുകി വരുന്ന പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിര്‍ദ്ദേശിച്ചു. പെരിയാറിന്റെ തീരത്തേക്ക് ആരും ഇറങ്ങരുതെന്നാണ് നിർദ്ദേശം. ഡാം തുറന്നാലുണ്ടാകുന്ന കുത്തൊഴുക്കില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പുഴകളില്‍ മീന്‍ പിടിത്തവും പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ പകര്‍ത്തല്‍, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചു.

വെള്ളം കടന്നുപോകുന്ന മേഖലകളില്‍ വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. മാദ്ധ്യമങ്ങള്‍ക്കും നിശ്‌ചിത സ്‌ഥാനത്ത് നിന്നാണ് വാര്‍ത്താ സംപ്രേഷണത്തിന് അനുമതി. അറബിക്കടലില്‍ വെള്ളമെത്തുന്നതോടെ തിരമാല ശക്‌തമാകുമെന്നതിനാല്‍ കടല്‍ തീരത്തും ജാഗ്രത വേണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

തൃശ്ശൂർ ജില്ലയിലെ ലോവർ ഷോളയാര്‍ തിങ്കളാഴ്‌ച തുറന്നിരുന്നു. പെരിങ്ങല്‍കുത്ത്, പീച്ചി, ചിമ്മിനി ഡാമുകൾ കഴിഞ്ഞ ദിവസങ്ങളിൽ തുറന്നിരുന്നു. പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് , മൂഴിയാർ, മണിയാർ, കോഴിക്കോട് പെരുവണ്ണാമൂഴി, പാലക്കാട് ജില്ലയിലെ മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, ചുള്ളിയാർ, ശിരുവാണി ഡാമുകളും തുറന്നു.

Most Read: വലിയ ആളാണെന്ന് കരുതി തോളില്‍ വെച്ച് നടക്കാനാകുമോ? സുധീരനെതിരെ കെ സുധാകരന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE