ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ കേസിൽ സെസി സേവ്യറിന്റെ അറസ്‌റ്റ് തടയില്ലെന്ന് ഹൈക്കോടതി. സെസി സേവ്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി പറഞ്ഞു. ജാമ്യഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്നുമാണ് സെസി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നത്. തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും സെസി സേവ്യർ കോടതിയെ അറിയിച്ചു.
ഐപിസി 417 (വഞ്ചന), 419, 420 (ആള്‍മാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എല്‍എല്‍ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്‌ടീസ് ചെയ്‌തിരുന്നത്. സംഗീതയില്‍നിന്ന് പോലീസ് വിവരം ശേഖരിച്ചാണ് ആള്‍മാറാട്ടം ചുമത്തിയത്.
2019ലാണ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്‍ ലൈബ്രേറിയനായും തെരഞ്ഞെടുക്കപ്പെട്ടു. സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാർ അസോസിയേഷൻ ഇവരെ പുറത്താക്കി. തുടർന്ന് പോലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോവുകയായിരുന്നു.
പിന്നീട് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റിന് മുന്നിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവർ പോലീസിനെ വെട്ടിച്ച് നാടകീയമായി മുങ്ങി. ഇതിന് ശേഷമാണ് ഇപ്പോൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. സെസിക്കെതിരെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
Most Read: സംസ്‌ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി