ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ മൽസരിക്കുന്നത് രണ്ടാം സ്‌ഥാനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2022ലെ തിരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് യോഗിയുടെ പ്രതികരണം. തന്റെ മണ്ഡലത്തെ കുറിച്ച് ഒരു ആശങ്കയുമില്ലെന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു.
പ്രധാനമന്ത്രി പദം ലക്ഷ്യമാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ പാര്‍ട്ടി ഏല്‍പിക്കുന്ന ദൗത്യങ്ങള്‍ ചെയ്യുന്ന സാധാരണ പ്രവര്‍ത്തകനാണെന്നും ഒരു കസേരക്ക് പിന്നാലെയും ഓടുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും തീവ്രവാദികളെ സഹായിക്കുന്നവര്‍ക്കും സീറ്റ് നല്‍കുന്നതിലൂടെ തങ്ങള്‍ക്ക് ഒരു മാറ്റവുമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്‌തമാക്കുന്നുവെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
നിയമം ലംഘിക്കുന്നവര്‍ തനിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന അഖിലേഷ് യാദവിന്റെ പ്രസ്‌താവനയെ യോഗി പരിഹസിച്ചു. പഴയ ഭരണം തിരികെ കൊണ്ടുവരാന്‍ നിയമം ലംഘിക്കുന്നവരോടും സാമൂഹിക വിരുദ്ധരോടും കൂട്ടംകൂടാന്‍ അദ്ദേഹം ആവശ്യപ്പെടുന്നുവെന്നും യോഗി പറഞ്ഞു. യുപിയിൽ ഏഴ് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്നലെയാണ് നടന്നത്.
Read Also: ഡോക്‌ടറുടെ അക്കൗണ്ട് ഹാക്ക് ചെയ്‌ത് ഹിജാബ് വിരുദ്ധ പോസ്‌റ്റിട്ടു; പരാതി