അഹമ്മദാബാദ്: ഇംഗ്ളണ്ടിന് എതിരായ അഞ്ചാം ടി-20 മൽസരം ഇന്ന്. പരമ്പരയിൽ ഇരുടീമുകളും രണ്ട് വീതം ജയങ്ങൾ നേടി ഒപ്പത്തിനൊപ്പമാണ്. അഞ്ചാം മൽസരത്തിന് ഇറങ്ങുമ്പോൾ മാനസികമായ മുൻതൂക്കം ഇന്ത്യക്കാണ്. നാലാം മൽസരത്തിൽ തോൽവി ഉറപ്പിച്ച ഇടത്ത് നിന്നാണ് ഇന്ത്യ അൽഭുതകരമായി ജയിച്ചു കയറിയത്.
പതിനേഴാം ഓവറിലാണ് മൽസരത്തിന്റെ ഗതിമാറിയത്. തുടർച്ചയായി വിക്കറ്റുകൾ വീഴ്‌ത്തി ഇംഗ്ളണ്ടിനെ പ്രതിരോധത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു. ഇന്ന് ജയിക്കുന്ന ടീമിനാവും പരമ്പര സ്വന്തമാക്കാൻ കഴിയുക. അതിനാൽ തന്നെ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.
ഇതേ മികവാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഈ മൽസരത്തിലും പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിലെ സെൻസേഷൻ സൂര്യകുമാർ യാദവ് തന്റെ ആദ്യ മൽസരത്തിൽ അർധസെഞ്ചുറി നേടിയത് ടീമിന് ആത്‌മവിശ്വാസം നൽകുന്നതാണ്. ടി-20 ലോകകപ്പ് നടക്കാനിരിക്കെ പരമ്പരയിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് മുൻതൂക്കം ലഭിക്കും.
ഇന്നത്തെ മൽസരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര നേടാം. അതേസമയം ഇംഗ്ളണ്ടിനും ജയം അനിവാര്യമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ തന്നെയാണ് മൽസരം നടക്കുന്നത്.
സൂര്യകുമാർ യാദവ് ഇന്നും ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കഴിഞ്ഞ മൽസരത്തിൽ തിരിച്ചെത്തിയ മുതിർന്ന താരം രോഹിത് ശർമ്മയുടെ സാന്നിധ്യം ടീമിന് മുതൽകൂട്ടാവുന്നുണ്ട്.
Read Also: അമിതാഭ് ബച്ചന്‍ ജീവിക്കുന്ന ഇതിഹാസമെന്ന് ക്രിസ്‌റ്റഫര്‍ നോളന്‍