ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് ക്വാറന്റെയ്ൻ കർശനമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ ശക്‌തമായ പ്രതിഷേധം. ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് സീറം ഇൻസ്‌റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ഇത് അംഗീകരിക്കാത്തതിൽ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു.
കോവിഷീൽഡ് വാക്‌സിൻ അംഗീകരിക്കാത്ത നടപടിക്കെതിരെ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ കുറിപ്പ് നൽകുകയാണ് ചെയ്‌തത്. കൂടാതെ സമാന വാക്‌സിൻ നയം ഇന്ത്യയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നിലവിൽ കോവിഷീൽഡ്, കൊവാക്‌സിൻ എന്നിവയുടെ 2 ഡോസ് സ്വീകരിച്ചവർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയതായാണ് യുകെ അറിയിച്ചത്.
നിർബന്ധിത ക്വാറന്റെയ്ൻ അടുത്ത വർഷം വരെ തുടരാനാണ് സാധ്യതയുള്ളത്. നിലവിൽ ഇന്ത്യക്കാരായ വിദ്യാർഥികളും ബിസിനസുകാരും ഉൾപ്പടെ നിരവധി പേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ യുകെ ഏർപ്പെടുത്തിയ നിയന്ത്രണം വലിയ വെല്ലുവിളിയാകുകയാണ്.
Read also: ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം