പാലക്കാട്: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ നടത്തിയ സൂചനാ സമരത്തിന് ഫലം കണ്ടു. ആശുപത്രി മാനേജ്മെന്റിന്റെ ഇടപെടലോടെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നൽകി. ബാക്കി രണ്ടു മാസത്തെ വേതനം ഓണത്തിന് മുൻപ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ശുചീകരണ തൊഴിലാളികളടക്കം ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും മൂന്ന് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയായിരുന്നു.
എന്നാൽ, ഹൗസ് സർജൻമാർ, നോൺ അക്കാദമിക് ജൂനിയർ റസിഡന്റ്‌സ് എന്നിവർക്ക് ഇന്നലെ വേതനം ലഭിച്ചില്ല. ആശുപത്രിയിലെ ഡോക്‌ടർമാർ, നഴ്‌സുമാർ മറ്റു ജീവനക്കാർ എന്നിവർ ചേർന്ന് ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. കുടിശിക അടക്കമുള്ള ശമ്പളം ഉടൻ നൽകിയില്ലെങ്കിൽ മെഡിക്കൽ കോളേജിലെ എല്ലാ വകുപ്പുകളെയും പങ്കെടുപ്പിച്ച് അനിശ്‌ചിതകാല സമരം നടത്തുമെന്നും പറഞ്ഞിരുന്നു. ആശുപത്രി പ്രവർത്തനം വിലയിരുത്താനെത്തിയ മന്ത്രി കെ രാധാകൃഷ്‌ണന് മുന്നിലും ജീവനക്കാർ പ്രതിസന്ധികൾ പങ്കുവെച്ചിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഒരുമാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. പട്ടികജാതി വകുപ്പിന്റെ ഫണ്ടിൽ നിന്നാണ് ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്. ശമ്പളം നൽകുന്നതിനായി പത്തു കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്നും പട്ടികജാതി വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഇത് തുടരുന്നതിന് നിയമപരമായ പ്രശ്‌നങ്ങൾ ഉണ്ടായതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമായതെന്നാണ് സംഭവത്തിൽ വകുപ്പ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ, ശമ്പളം മുടക്കമില്ലാതെ നൽകാനുള്ള സാഹചര്യം ആയിട്ടില്ലായെന്നും അധികൃതർ അറിയിച്ചു.
Read Also: നിറമരുതൂരിൽ ചെണ്ടുമല്ലി വിപ്ളവം; പൂക്കൾ കയറ്റി അയച്ചു തുടങ്ങി