‘ഇനി അന്തസോടെ ജീവിക്കാം’; 60 യാചകർക്ക് തൊഴിൽ നൽകി രാജസ്‌ഥാൻ സർക്കാർ

By Desk Reporter, Malabar News
Rajasthan-beggars-to-lead-meaningful-life
Ajwa Travels

ജയ്‌പൂർ: ‘അന്തസോടെയുള്ള ജീവിതത്തിന് തൊഴില്‍ പരിശീലനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജസ്‌ഥാൻ സർക്കാർ നടപ്പിലാക്കിയ പദ്ധതിയിലൂടെ പുതു ജീവിതം കെട്ടിപ്പടുത്തത് 60 യാചകർ. രാജസ്‌ഥാന്റെ ‘യാചക വിമുക്‌തി’ക്ക് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ‘ഭിക്ഷു ഓറിയന്റേഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ബിഎച്ച്ഒആര്‍) എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആശയം നടപ്പിലാക്കുന്നത്.

ജയ്‌പൂരില്‍ ആവശ്യമായ തൊഴില്‍ പരിശീലനം നേടിയതിന് ശേഷമാണ് ഇവര്‍ക്കെല്ലാം ജോലി ലഭിച്ചത്. രാജസ്‌ഥാൻ സ്‌കില്‍ ആന്‍ഡ് ലൈവ്‌ലിഹുഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍എസ്എല്‍ഡിസി), സോപന്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് എന്നീ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഭവനരഹിതരായ 60 പേര്‍ പരിശീലനം പൂര്‍ത്തിയാക്കുകയും വിവിധ സ്‌ഥാപനങ്ങളിൽ തൊഴിൽ നേടുകയും ചെയ്‌തു.

സംസ്‌ഥാനത്തെ സമ്പൂര്‍ണമായി യാചകമുക്‌തമാക്കി മാറ്റുക എന്നതും യാചകരായ ജനങ്ങള്‍ക്ക് അന്തസോടെയുള്ള ജീവിതം ഉറപ്പു വരുത്താനുള്ള സഹായം നല്‍കുക എന്നതും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സ്വപ്‌നമായിരുന്നു എന്ന് രാജസ്‌ഥാൻ സ്‌കില്‍ ആന്‍ഡ് ലൈവ്‌ലിഹുഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ ഡയറക്‌ടർ നീരജ് കെ പവന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

“വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യാചകര്‍ക്ക് ഒരു വര്‍ഷം നീണ്ടുനിന്ന പരിശീലനം നല്‍കി. 100 യാചകര്‍ക്ക് ഇത്തരത്തില്‍ തൊഴില്‍ നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. 60 പേരുടെ തൊഴില്‍ പരിശീലനം പൂര്‍ത്തിയായി. ബാക്കി 40 പേരുടെ പരിശീലനം പുരോഗമിക്കുകയാണ്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയ്‌പൂർ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് പെപ്പേഴ്‌സ് എന്ന റെസ്‌റ്റോറന്റിലാണ് ഇവരില്‍ ചിലര്‍ക്ക് ജോലി ലഭിച്ചത്. “ഒരു സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുക എന്നത് തുടക്കത്തില്‍ അവര്‍ക്ക് പ്രയാസകരമായിരുന്നു. പക്ഷെ, 15-20 ദിവസങ്ങള്‍ നീണ്ടുനിന്ന പരിശീലനം നല്‍കിയതോടെ ചെയ്യേണ്ടുന്ന ജോലിയുമായും തൊഴില്‍ അന്തരീക്ഷവുമായും അവര്‍ പൊരുത്തപ്പെട്ടു. പരിശീലനം സിദ്ധിച്ച 12 പേരാണ് ഇവിടെ തൊഴില്‍ ചെയ്യുന്നത്.”- റെഡ് പെപ്പേഴ്‌സ് ഡയറക്‌ടർ രാജീവ് കംപാനി പ്രതികരിച്ചു. ഇത്തരത്തിലുള്ള കൂടുതല്‍ തൊഴിലാളികളെ ഭാവിയില്‍ നിയമിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ സന്തോഷമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Most Read:  സംസ്‌ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ സഞ്ചാരികള്‍ക്ക് പ്രവേശനം ഇന്നുമുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE