ജോൺ എബ്രഹാം; ചരിത്രമെഴുതിയ താന്തോന്നിയുടെ ജൻമദിനം ഓഗസ്‌റ്റ് 11ന്

By Desk Reporter, Malabar News
john-abraham-director
ജോണ്‍ അബ്രഹാം
Ajwa Travels

ചരിത്രം ഒറ്റയാനെന്ന് രേഖപ്പെടുത്തിയ മലയാളത്തിന്റെ സ്വന്തം താന്തോന്നിക്കിന്ന് 85 വയസാകുകയാണ്. അതെ, വെറും നാല് ചിത്രങ്ങൾകൊണ്ട് ലോക സിനിമയിൽ തന്നെ അടയാളപ്പെടുത്തിയ ഇന്ത്യയുടെ അഭിമാനം ജോണ്‍ എബ്രഹാം ജനിച്ചത് 1937 ഓഗസ്‌റ്റ് 11നാണ്.

1987 മേയ് 30നാണ് ജോണ്‍, കോഴിക്കോട് നഗരഹൃദയത്തിലുള്ള ഒയാസിസ് കെട്ടിടത്തിന്റ മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. മലബാറിന്റെ ആസ്‌ഥാനമായ കോഴിക്കോട് വെച്ച് ജോൺ നമ്മോട് യാത്രപറയുമ്പോൾ അദ്ദേഹത്തിന് വെറും 49 വയസായിരുന്നു പ്രായം. 31 മെയ് 1987ൽ!

എന്നിട്ടും, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച 10 സംവിധായകരിൽ ഒരാൾ എന്നാണ് സിനിമാ ചരിത്രം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എത്രമാത്രം ശക്‌തമായിരുന്നു ഇദ്ദേഹത്തിന്റെ ക്രാഫ്റ്റിങ് എന്നത് മനസിലാക്കാൻ അമ്മ അറിയാൻ എന്നൊരൊറ്റ സിനിമ മതിയാകും. ഇന്ത്യൻ സിനിമയുടെ ആചാര്യൻമാരിലൊരാളായ മഹാസംവിധായകൻ ഋത്വിക് ഘട്ടകിന്റെ ശിഷ്യനാകാൻ ഭാഗ്യം ലഭിച്ച ജോൺ, 49 വയസുകൊണ്ട് ഗുരുവിനേക്കാൾ വളർന്നാണ് യാത്രപറഞ്ഞത്.

സമൂഹം അന്നുമിന്നും അവജ്‌ഞയോടെ കാണുന്ന കഴുതയെ കേന്ദ്രകഥാപാത്രമാക്കി 1977-ൽ ‘അഗ്രഹാരത്തില്‍ കഴുതൈ’ എന്ന തന്റെ രണ്ടാമത്തെ തമിഴ് സിനിമയിലൂടെ ലോക സിനിമയെ ഞെട്ടിച്ച പ്രതിഭാശാലി. കഴുത കേന്ദ്ര കഥാപാത്രമായ ഈ ചിത്രം ബ്രാഹ്‌മണ അന്ധവിശ്വാസത്തെയും മതാന്ധതയേയും കടുത്ത ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച്, ഭാഷാപരമായ അതിർത്തികളെ മറികടന്ന് ഇന്ത്യൻ പ്രേക്ഷകരെയും ലോകത്തെയും ചിന്തിപ്പിച്ച സിനിമ!

ജോൺ എബ്രഹാം, വേണു, ജോയ് മാത്യു എന്നിവർ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ

ദേശീയപുരസ്‌കാരങ്ങൾ ഉൾപ്പടെ അനേകം അംഗീകാരങ്ങൾ നേടിയിട്ടും ദൂരദർശൻ പ്രക്ഷേപണം പിൻ‌വലിക്കാൻ നിർബന്ധിതമായ സിനിമ! ‘പുരോഗമിച്ച്’ തകർന്നുപോയ ഇന്നത്തെ ചലച്ചിത്ര സമൂഹത്തിന് ചിന്തിക്കാൻ പോലും അസാധ്യമായ വിഷയം, അതായിരുന്നു ‘അഗ്രഹാരത്തില്‍ കഴുതൈ’ എന്ന ജോണിന്റെ തമിഴ് സിനിമ!

അടൂർ ഭാസിക്ക് സംസ്‌ഥാന ചലചിത്ര പുരസ്‌കാരം ലഭ്യമാക്കിയ 1979-ൽ പുറത്തിറങ്ങിയ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’, 1986 പുറത്തിറങ്ങിയ, ഇന്നും നിരൂപകർ പിന്തുടരുന്ന ‘അമ്മ അറിയാൻ’ എന്ന ചിത്രം. ഭാവനയേയും സംഭവങ്ങളേയും ഇഴ‌ചേർക്കുന്ന ഈ ചിത്രമുൾപ്പടെ നാലേ നാല് ചിത്രങ്ങൾ മാത്രമാണ് ഇദ്ദേഹം സംവിധാനം ചെയ്‌തത്‌!

amma ariyan
അമ്മ അറിയാൻ (1986)

1972-ൽ സംവിധാനം ചെയ്‌ത ‘വിദ്യാർഥികളേ ഇതിലേ ഇതിലേ’ ആയിരുന്നു ആദ്യ സിനിമ. തുടർന്നാണ് 1977-ലെ ‘അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും’ 1979-ലെ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും’, 1986-ൽ ‘അമ്മ അറിയാൻ’ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്താൻ കാരണമായി.

ഇവ കൂടാതെ 3 ഡോക്യുമെന്ററികളും ജോൺ ചെയ്‌തിട്ടുണ്ട്‌. രണ്ടു പുസ്‌തകങ്ങളും ഇദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേര്‍ച്ചക്കോഴി, ജോണ്‍ എബ്രഹാം കഥകള്‍ എന്നിവയാണത്.

ബ്രിട്ടീഷ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ മികച്ച 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ദക്ഷിണേന്ത്യന്‍ ചിത്രം ‘അമ്മ അറിയാൻ’ മാത്രമാണ്! ഐബിഎന്‍ ലൈവ് 2013-ല്‍ നടത്തിയ വോട്ടെടുപ്പില്‍ മികച്ച 100 ഇന്ത്യന്‍ സിനിമകളില്‍ അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെട്ടു! ഇതാണ് ഒറ്റയാനായിരുന്ന, താന്തോന്നിയായ മലയാളത്തിന്റെ സ്വന്തം ജോണ്‍ എബ്രഹാം!

john-abraham
ജോൺ എബ്രഹാം ജി അരവിന്ദനൊപ്പം, ഫോട്ടോ കടപ്പാട്: എൻഎൽ ബാലകൃഷ്‌ണൻ

‘എന്റെ സഹജീവികളോട് സംവദിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത മാദ്ധ്യമമാണ് സിനിമ. ഉറങ്ങാന്‍ എനിക്കൊരു മേല്‍ക്കൂര പോലും വേണ്ട. പട്ടിണികിടക്കാനും എനിക്കറിയാം. എനിക്ക് ഞാനാഗ്രഹിക്കുന്ന സിനിമകളുണ്ടാക്കിയാല്‍ മതി’ -ജോണ്‍ എബ്രഹാം.

Most Read: ലൈംഗിക പീഡന പരാതി; ഗത്യന്തരമില്ലാതെ രാജിവച്ച് ന്യൂയോർക്ക് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE