ഡെൽഹി: രാജ്യത്തിന്റെ നവോഥാനത്തിനായി ഒരുപിടി ചരിത്ര വിധികൾ എഴുതിയ ജസ്‌റ്റിസ് റോഹിംടൺ ഫാലി നരിമാന്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. വ്യാഴാഴ്‌ചയാണ് അദ്ദേഹം സേവനം പൂര്‍ത്തിയാക്കിയത്. സുപ്രീം കോടതിക്ക് നഷ്‌ടമായത് സിംഹങ്ങളിൽ ഒന്നിനെയാണെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ പറഞ്ഞു.
ശബരിമല യുവതീ പ്രവേശനം, വിവാദമായ 66എ നിയമം അസാധുവാക്കല്‍, സ്വവര്‍ഗ ലൈംഗികത കുറ്റമല്ലാതാക്കല്‍, മുത്തലാഖ് നിരോധനം തുടങ്ങിയ ചരിത്ര പ്രധാനമായ വിധി പുറപ്പെടുവിപ്പിച്ച ബെഞ്ചിലെ അംഗമായിരുന്നു നരിമാന്‍.
കൂടാതെ ബാബരി മസ്‌ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിചാരണ നേരിടണം, വധശിക്ഷ ലഭിച്ച കേസുകളിലെ പുനപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ തന്നെ വാദം കേള്‍ക്കണമെന്ന ഉത്തരവ് തുടങ്ങിയവ ശ്രദ്ധേയമായവയാണ്.
‘നരിമാൻ ജുഡീഷ്യറിയിൽ സ്വന്തം വ്യക്‌തി മുദ്ര പതിപ്പിച്ചു. ജുഡീഷ്യല്‍ സംവിധാനത്തെ സംരക്ഷിക്കുന്ന സിംഹങ്ങളിലൊന്നിനെ നഷ്‌പ്പെട്ടതു പോലെയാണ് തനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ അറിവും പാണ്ഡിത്യവും ബുദ്ധിയും നമുക്ക് നഷ്‌ടമാകുന്നു. ശക്‌തമായ നിയമ സംവിധാനത്തിന്റെ തൂണായിരുന്നു അദ്ദേഹം. എപ്പോഴും ശരിക്കൊപ്പം നിന്നു’- എന്നായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ വാക്കുകൾ.
ജഡ്‌ജിമാരുടെ നിയമനത്തില്‍ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമാകേണ്ടതെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ജസ്‌റ്റിസ് നരിമാന്‍ പറഞ്ഞു. മികച്ച നീതി നിര്‍വഹണമാണ് രാജ്യത്തെ ജനങ്ങള്‍ സുപ്രീം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. സുപ്രീം കോടതി അങ്കണത്തിലാണ് അദ്ദേഹത്തിന് യാത്രയയപ്പ് ഒരുക്കിയത്.
സോളിസിറ്റര്‍ ജനറലായിരുന്ന നരിമാനെ 2014ലാണ് സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കുന്നത്. 37 ആമത്തെ വയസില്‍ തന്നെ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു അദ്ദേഹം. പ്രശസ്‌ത അഭിഭാഷകന്‍ ഫാലി നരിമാനാണ് പിതാവ്. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന് എട്ട് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ടതാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ സുപ്രധാന വിധി.
Must Read: രാജ്യസഭയിലെ ബഹളം; രണ്ട്‍ കേരളാ എംപിമാർക്ക് എതിരെ പരാതി