കണ്ണൂർ: ജില്ലയിലെ ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങിയതിനെ തുടർന്ന് പരിഭ്രാന്തരായി നാട്ടുകാർ. ഇന്ന് പുലർച്ചയോടെയാണ് ആന ടൗണിലിറങ്ങിയത്. ആനയെ കണ്ടു ഭയന്നോടിയ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ മലയോര ഹൈവേയോട് ചേർന്നുള്ള ഉളിക്കൽ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ടൗണിലെ മാർക്കറ്റിനു പിൻഭാഗത്തായാണ് ആനയിപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത്. സ്‌ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്‌ഥർ എത്തിയിട്ടുണ്ട്.
വനാതിർത്തിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള സ്‌ഥലത്താണ് കാട്ടാനയെത്തിയത്. അതിനാൽ ആനയെ പെട്ടെന്ന് കാട്ടിലേക്ക് തുരത്താനും വെല്ലുവിളിയാകും. അതേസമയം, സ്‌ഥലത്ത് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. മാട്രോ-വള്ളിത്തോട് റോഡ് അടച്ചു. സുരക്ഷയുടെ ഭാഗമായി ഉളിക്കലിലെ കടകൾ അടയ്‌ക്കാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.
വയത്തൂർ വില്ലേജിലെ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും അവധി നൽകി. ഉളിക്കലിലെ ഒമ്പത് മുതൽ 14 വരെയുള്ള വാർഡുകളിൽ തൊഴിലുറപ്പ് ജോലിയും നിർത്തിവെച്ചിട്ടുണ്ട്. ടൗണിലേക്ക് ആളുകൾ വരുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയതായി ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ആദ്യമായാണ് ഇവിടെ കാട്ടാനയെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കർണാടക വനമേഖലയിൽ നിന്ന് ഇറങ്ങിയതായിരിക്കാമെന്നാണ് നിഗമനം.
Most Read| ഇസ്രയേൽ- ഹമാസ് യുദ്ധം അതിരൂക്ഷം; യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്