ന്യൂഡെൽഹി: കെപിസിസി, ഡിസിസി പുനഃസംഘടന ചർച്ചകൾ ഡെൽഹിയിൽ അന്തിമഘട്ടത്തിൽ. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. സാമുദായിക പരിഗണന കൂടി കണക്കിലെടുത്താകും ഡിസിസി പ്രസിഡണ്ടുമാരെ തീരുമാനിക്കുക.
ഇന്നലെ രാജ്യതലസ്‌ഥാനത്ത് എത്തിയ വിഡി സതീശൻ കെ സുധാകരനുമായി കൂടിക്കാഴ്‌ച നടത്തി. വർക്കിങ് പ്രസിഡണ്ടുമാരായ കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ്, ടി സിദ്ദീഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഡിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് ഗ്രൂപ്പ് വീതംവെപ്പ് ഉണ്ടാകില്ല. സാമുദായിക സമവാക്യങ്ങളാകും പരിഗണിക്കുക. എകെ ആന്റണി, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, സംസ്‌ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായും നേതാക്കൾ കൂടിക്കാഴ്‌ച നടത്തും.
ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാ പട്ടിക ഓരോ ജില്ലയിലും പരമാവധി മുന്നിലേക്ക് ചുരുക്കി ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് നീക്കം. ആവശ്യമെങ്കിൽ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരെ ഹൈക്കമാൻഡ് ഡെൽഹിക്ക് വിളിപ്പിച്ചേക്കും. സമവായം ആയാൽ ഈ മാസം അവസാനത്തോടെ ഡിസി അധ്യക്ഷൻമാരെയും അടുത്ത മാസം പകുതിയോടെ 51 അംഗ കെപിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കാനാണ് നീക്കം.
Also Read: കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിൻ; മുഖ്യമന്ത്രി