മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം ടൗണിനോട് ചേർന്ന് പ്രവർത്തിക്കുന്ന Mars സിനിമാസിൽ ‘കുറുപ്പ്’ തുടർച്ചയായി കളിച്ചത് 72 മണിക്കൂറിൽ 52 ഷോകൾ! ഏകദേശം 6000 കാണികളാണ് 52 ഷോകൾ കണ്ടുതീർത്തത്! പൂർത്തീകരിച്ച 52 ഷോകളുടേയും 60% ടിക്കറ്റുകളും റിസർവ് ചെയ്‌തത് ഫാമിലികൾക്ക് വേണ്ടിയായിരുന്നു!
നവംബർ 12 രാവിലെ ഏഴുമണിക്ക് ഫാൻ ഷോയിൽ ആരംഭിച്ച ‘കുറുപ്പ്’ 14നു രാത്രി 11.45ന് അവസാനിച്ച ഷോയോട് കൂടിയാണ് 72 മണിക്കൂർ പൂർത്തീകരിച്ചത്. മാർസ് സിനിമാസിലെ ജൂപിറ്റർ, വീനസ്, നെപ്റ്റ്യൂൺ എന്നീ മൂന്നു സ്‌ക്രീനുകളിലായാണ് 52 ഷോകൾ 6000 ലധികം കാണികൾ കണ്ടത്. ഇതിൽ തന്നെ 49 ഷോകളും ഹൗസ്‌ഫുൾ ആയിരുന്നു!
ഏകദേശം രണ്ടുവർഷക്കാലം അടഞ്ഞുകിടന്ന തിയേറ്ററുകളെ ജീവൻ വെപ്പിക്കാനെത്തുന്ന ദുൽഖറിന്റെ ‘ക്രൗഡ് ഫുൾ‘ സിനിമയെ അതിന്റെ പരമാവധിയിൽ ജനങ്ങളിലെത്തിച്ച്, അവരെ തിയേറ്ററിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. ബന്ധങ്ങളും, പ്രാദേശിക കൂട്ടായ്‌മകളും ഉൾപ്പടെയുള്ള പലസംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഇങ്ങനെയൊരു ചരിത്രം ഞങ്ങൾ രചിക്കുന്നത്; അജിത്ത് മയനാട്ട് പറഞ്ഞു.
2 മണിക്കൂറും 36 മിനിറ്റും ദൈർഘ്യമുള്ള കുറുപ്പ്’ ശരിക്കൊമൊരു ദീർഘ സിനിമയാണ്. 10 മിനിറ്റ് ഇടവേളയും ചേർത്താകുമ്പോൾ 2 മണിക്കൂറും 46 മിനിറ്റുമായി. പിന്നെ ഓരോ ഷോക്ക് ശേഷവും നടക്കേണ്ട ക്ളീനിംഗ് പ്രോസസ് 14 മിനിറ്റുകൊണ്ട് തീർക്കും. അതിനായി ഞങ്ങളുടെ തൊഴിലാളികൾ അങ്ങേയറ്റം സഹകരിച്ചു. അവരുടെയും കൂടി സഹകരണമാണ് ഇത്തരമൊരു ചരിത്രം പിറക്കാൻ കാരണമായത്; അജിത് കൂട്ടിച്ചേർത്തു.
കേരളത്തിലെ തന്നെ ഏറ്റവും ‘പ്രേക്ഷക സൗഹൃദ‘ തിയേറ്റർ കോംപ്ളക്‌സുകളിൽ ഒന്നാണ് ‘മാർസ് സിനിമാസ്‘. 25 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയാണ് ഇത് പണിതിട്ടുള്ളത്. ഇവിടെ സിനിമ കാണുന്ന പല പ്രേക്ഷകരും ദൂരങ്ങളിൽ നിന്ന് വരുന്നവരാണ്. അതിമനോഹരമായ തിയേറ്റർ അനുഭവമാണ് മാർസ് നൽകുന്നത്. കോഴിക്കോട്–എറണാകുളം റൂട്ടിലെ അനേകം കാർ യാത്രികർ ‘മാർസ് സിനിമാസിന്റെ‘ സ്‌ഥിരം പ്രേക്ഷകരാണ്. ജൂപിറ്റർ, വീനസ്, നെപ്റ്റ്യൂൺ എന്നീ 3 സ്‌ക്രീനുകളും ഡോൾബി അറ്റ്‌മോസ് സാങ്കേതിക നിലാരവും 4കെ ശബ്‌ദ-കാഴ്‌ച നിലവാരവും ഉറപ്പ് നൽകുന്ന അപൂർവം തിയേറ്റർ കോംപ്ളക്‌സുകളിൽ ഒന്നാണ് ‘മാർസ്‘. അതുകൊണ്ട് തന്നെ യുവസമൂഹത്തിന്റെ വിഹാര കേന്ദ്രം കൂടിയാണ് മാർസ്.
‘ഒടിടിയിലും കംപ്യൂട്ടർ കളികളിലും അഡിക്റ്റിവായ കുടുംബപ്രേക്ഷകരെ തിയേറ്റർ എക്‌സ്‌പീരിയൻസിലേക്ക് തിരികെ കൊണ്ടുവരിക എന്നത് വലിയ വെല്ലു വിളിയാണ്. ഇത് പൂർണാർഥത്തിൽ സാധിക്കണമെങ്കിൽ ലാഭം നോക്കാതെ, ആളുകളെ തിയേറ്ററിലേക്ക് ആകർഷിക്കാൻ കഴിയുന്ന പിആർ വർക്കുകൾ തിയേറ്ററുകാരു കൂടി ചെയ്യേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. ലാഭം നോക്കാൻ ഇപ്പോഴിരുന്നാൽ തിയേറ്റർ വ്യവസായം കൈവിട്ടുപോകും. അതുകൊണ്ട്, ഞങ്ങളിപ്പോൾ തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാനുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നത്; അജിത് മയനാട്ട് വിശദീകരിച്ചു.
സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ടുള്ള 50% ആളുകളെ മാത്രമാണ് മാർസിൽ കയറ്റുന്നത്. കൃത്യമായ ശുചീകരണ പ്രവർത്തികൾ നടക്കുന്നതായി തിയേറ്റർ പരിസരത്തെ വൃത്തി ഉറപ്പ് പറയുന്നുണ്ട്. 52 ഷോകൾ 72 മണിക്കൂറിൽ പൂർത്തീകരിച്ച മാർസ്, അതിന്റെ ആഘോഷവും വൈകിപ്പിച്ചില്ല. ഇന്നലെ രാത്രിതന്നെ കേക്ക് മുറിച്ച് ഉടമയും തൊഴിലാളികളും ഈ ചരിത്രനേട്ടം ആഘോഷമാക്കി.
Most Read: റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘പക’