മലപ്പുറം സ്വലാത്ത് നഗറില്‍ ‘രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമം’ വ്യാഴാഴ്‌ച

മഹാ പ്രാർഥനാ സംഗമത്തിന് ദശാബ്‌ദങ്ങളുടെ തപസ്യകൊണ്ട് ആത്‌മീയ വെളിച്ചത്തിൽ ധന്യത കൈവരിച്ച ഇസ്‌ലാമിലെ മഹാപണ്ഡിതർ നേതൃത്വം നൽകും. രാജ്യത്തു തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയും വ്യാഴാഴ്‌ച മഅ്ദിൻ ക്യാമ്പസിൽ നടക്കും.

By Central Desk, Malabar News
'Largest Ramadan Prayer Meeting in the Country' on Thursday at Malappuram Swalath Nagar
Ajwa Travels

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിനൊരുങ്ങി മലപ്പുറം സ്വലാത്ത് നഗർ. റമദാൻ 27ആം രാവും വെള്ളിയാഴ്‌ച രാവും ഒരുമിക്കുന്ന സുകൃത ദിനത്തിലാണ് വിശ്വാസി ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രാർഥനാ സംഗമം നടത്തുന്നതെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ പറഞ്ഞു.

ശോഷണം സംഭവിച്ച് പോയ ആത്‌മീയ ചൈതന്യത്തിന് ഉത്തേജനം പകര്‍ന്നുകൊണ്ടാണ് മഅ്ദിൻ അധികൃതർ മഹാ പ്രാർഥനാ സംഗമം ഒരുക്കുന്നത്. റമളാന്‍ ഇരുപത്തി ഏഴാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനം ഏപ്രില്‍ 28ന് വ്യാഴാഴ്‌ച വൈകുന്നേരം നാലിന് ആരംഭിച്ച് വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്നിന് സമാപിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവുംവലുതും മക്ക, മദീന എന്നിവക്കു ശേഷം ലോകത്ത് ഏറ്റവുമധികം ഇസ്‌ലാമിക വിശ്വാസികള്‍ ഒത്തുകൂടുകയും ചെയ്യുന്ന പ്രാർഥനാവേദി കൂടിയാണിത്.

ആത്‌മീയ സുകൃതങ്ങളാല്‍ ധന്യമാകേണ്ടിയിരുന്ന രണ്ട് റമളാനുകള്‍ കോവിഡ് മഹാമാരിമൂലം നഷ്‌ടമായതിന്റെ തീരാവേദനയിലായിരുന്നു വിശ്വാസി സമൂഹം. ദൈവപ്രീതിക്കായി സഹിച്ചും ക്ഷമിച്ചും ജീവാത്‌മ സമര്‍പ്പണം നടത്തിയുമാണ് ഓരോ വിശ്വാസിയും പുതിയ റമദാനിനെ കാത്തിരുന്നിരുന്നത്. അതുകൊണ്ടു തന്നെ ഓരോ വിശ്വാസിയുടെയും ജീവിതത്തിലേക്ക് അനുഗ്രഹമായി വന്നെത്തിയ ഈ റമളാന്‍, ഏറെ നന്ദിയോടെ സ്‌മരിക്കാനും ആത്‌മീയ ചൈതന്യങ്ങളാൽ ധന്യമാക്കാനും വഴിയൊരുക്കുകയാണ് മഅ്ദിൻ അധികൃതർ.

ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള വിശുദ്ധ രാത്രിയായ ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റമളാന്‍ 27ആം രാവിലാണ് മഅ്ദിനിലെ വിശ്വാസി ലക്ഷങ്ങളുടെ ആത്‌മീയ കൂട്ടായ്‌മ. ഇസ്‌ലാമിക വിശ്വാസിസമൂഹം ഏറ്റവും പുണ്യമായി കരുതുന്ന 27ആം രാവും വെള്ളിയാഴ്‌ച രാവും ഒത്തൊരുമിക്കുന്ന സംഗമമെന്ന പ്രത്യേകത കൂടി ഇത്തവണ ഉള്ളതിനാല്‍ വളരെ വിപുലമായ ഒരുക്കങ്ങളാണ് മഅ്ദിൻ കാമ്പസില്‍ നടന്നു കൊണ്ടിരിക്കുന്നത്. – അധികൃതർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വിശദീകരിച്ചു.

Ma'din Chairman Sayyid Ibraheem Khaleel Al Bukhari
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

സമഭാവനയുടെ സന്ദേശമൊരുക്കി ഒരേ മനസും പ്രാര്‍ഥനയുമായി ജനലക്ഷങ്ങൾ അല്ലാഹുവിലേക്ക് സങ്കടങ്ങള്‍ പറഞ്ഞ് ഒത്തൊരുമിക്കുമ്പോള്‍ ഹൃദയ ശുദ്ധീകരണത്തിനിതൊരു മുതല്‍കൂട്ടാകും.

ഏറ്റവും പുണ്യമായി കരുതുന്ന ദിനത്തില്‍, ഭീകരതക്കും അക്രമങ്ങള്‍ക്കും ലഹരി വിപത്തിനുമെതിരെ ജനലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്‌ഞ എടുക്കുന്ന പ്രത്യേകതയും ഈ സംഗമത്തിനുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിഘടനവിധ്വംസക പ്രവര്‍ത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവല്‍ക്കരണമാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ കാലത്ത് വിശ്വാസി കൂട്ടായ്‌മയുടെ ഇത്തരമൊരു പ്രതിജ്‌ഞക്ക് വളരെ വലിയ പ്രസക്‌തിയുണ്ട്.

'Largest Ramadan Prayer in the Country' on Thursday at Malappuram Swalath Nagar

മഹാ പ്രാർഥനാ സംഗമത്തിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസിസമൂഹത്തിന് മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ ഉൽഘാടനം നിർവഹിക്കുന്ന സംഗമത്തിൽ സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, ശൈഖ് സ്വബാഹുദ്ധീന്‍ രിഫാഈ, പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ഹജ്‌ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ്‌വൈഎസ്‍ സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങള്‍ കുറ്റിയാടി, എസ്എംഎ സംസ്‌ഥാന പ്രസിഡണ്ട് കെകെ അഹമദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് കെവൈ നിസാമുദ്ധീന്‍ ഫാളിലി എന്നിവര്‍ പ്രസംഗിക്കും.

'Largest Ramadan Prayer in the Country' _ Kanthapuram AP Aboobacker Musliyar
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ

ഇസ്‌ലാമിന്റെ സമഭാവനയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രായോഗിക തലത്തില്‍ അനുഭവിച്ചറിയുന്ന അപൂര്‍വതയാണ് പ്രാർഥനാ സമ്മേളന ദിവസം സ്വലാത്ത് നഗറിലെ ഇഫ്‌താർ സംഗമത്തിനുള്ളത്. രാജ്യത്തു തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കും ഇത്.

രാത്രി ഒന്‍പതുമണിയോടെ മുഖ്യവേദിയില്‍ പ്രാർഥനാ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാർഥന, പുണ്യപുരുഷൻമാരെയും മഹത്തുക്കളെയും സ്‌മരിക്കുന്ന സ്‌ത്രോത്രങ്ങള്‍, കണ്ണീരണിഞ്ഞ സമാപന പ്രാർഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍.

'Largest Ramadan Prayer in the Country' on Thursday at Malappuram Swalath Nagar

ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കുന്നത്. മഅ്ദിൻ അക്കാദമി പ്രധാന വേദിക്ക് പുറമെ പരിസരത്തെ മൈതാനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയിലും പ്രത്യേക സൗകര്യങ്ങളുണ്ടാകും. സ്‌ത്രീകൾക്കും വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. അടിയന്തിരാവശ്യങ്ങള്‍ക്ക് സൂപ്പര്‍സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂണിറ്റ് എന്നിവ നഗരിയില്‍ ക്യാമ്പ് ചെയ്യും.

ഫയര്‍ഫോഴ്‌സിന്റെയും 5555 അംഗ വളണ്ടിയര്‍ കോറിന്റെയും സേവനവുമുണ്ടാകും. സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യത്തിന് വിവിധ റൂട്ടുകളില്‍ സൗജന്യ ബസ് സർവീസുണ്ടാകും. ഏപ്രിൽ 25ന് തിങ്കളാഴ്‌ച വൈകുന്നേരം 4ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നൽകുന്ന ചടങ്ങിൽ ‘പ്രാർഥനാ സമ്മേളന പതാക ഉയര്‍ത്തല്‍’ കര്‍മം നടക്കും.

'Largest Ramadan Prayer in the Country' on Thursday at Malappuram Swalath Nagar

തുടര്‍ന്ന് ഇഅ്തികാഫ് ജല്‍സ പരിപാടികള്‍ക്ക് തുടക്കമാകും. 27ന് വൈകുന്നേരം 4ന് സമ്മേളന പരിപാടികള്‍ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ ഉൽഘാടനം നിർവഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ചടങ്ങിൽ അധ്യക്ഷത വഹിക്കും. വ്യാഴാഴ്‌ച പുലര്‍ച്ചെ 3 മുതല്‍ മഅ്ദിൻ ഗ്രാന്റ് മസ്‌ജിദിൽ വിവിധ പരിപാടികള്‍ നടക്കും.

പ്രാർഥനാ സംഗമം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9645338343, 9633677722, www.madin.edu.in. വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി (ചെയര്‍മാന്‍, മഅ്ദിന്‍ അക്കാദി), പരി മുഹമ്മദ് ഹാജി (ജനറല്‍ സെക്രട്ടറി, മഅ്ദിന്‍ അക്കാദമി), ദുല്‍ഫുഖാര്‍ അലി സഖാഫി (കണ്‍വീനര്‍, സ്വാഗത സംഘം), നൗഫല്‍ കോഡൂര്‍ (മഅ്ദിന്‍ അക്കാദമിക് ഡയറക്‌ടർ),സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം (വര്‍ക്കിംഗ് കണ്‍വീനര്‍, സ്വാഗത സംഘം) എന്നിവർ സംബന്ധിച്ചു.

Most Read: ഇന്ത്യ- റഷ്യ ബന്ധം അംഗീകരിക്കാനാകില്ല; മുന്നറിയിപ്പ് നൽകി യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE