തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മൊഴികളിൽ കൂടുതൽ വ്യക്‌തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി രവീന്ദ്രനെ ഇഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് സിഎം രവീന്ദ്രനെ കഴിഞ്ഞ ദിവസം ഇഡി പത്തര മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു.
ചൊവ്വാഴ്‌ച രാവിലെ 9.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8 മണിയോടെയാണ് ഇഡി അവസാനിപ്പിച്ചത്. എല്ലാ വഴിവിട്ട നടപടികളും നടന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ അറിവോടെ ആണെന്ന് സ്വപ്‌ന സുരേഷ് മൊഴി നൽകിയിരുന്നു. കോഴക്കേസിൽ രവീന്ദ്രന്റെ പേര് പരാമർശിക്കുന്ന സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‍സ് ആപ് ചാറ്റുകളും ഇഡിയുടെ കൈവശമുണ്ട്.
അതേസമയം, കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. റിമാൻഡ് കാലാവധി പുതുക്കുന്നതിനാണ് ഹാജരാക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ശിവശങ്കർ ഈ ആഴ്‌ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.
Most Read: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും