21 വർഷങ്ങൾ, ഗുഡ് ബൈ ബാഴ്‌സ; വിതുമ്പി കരഞ്ഞ് മെസി; നൗകാംപിൽ പടിയിറക്കം

By News Desk, Malabar News
Ajwa Travels

ബാഴ്‌സയിലെ വിടവാങ്ങൽ പ്രസംഗത്തിനിടെ വിതുമ്പി കരഞ്ഞ് ലയണൽ മെസി. രണ്ട് പതിറ്റാണ്ട് നീണ്ട ആത്‌മബന്ധത്തിന് വികാരനിർഭരമായ അന്ത്യം. യാത്രയയപ്പ് ചടങ്ങിൽ നൗകാംപിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മെസി താൻ ക്ളബ് വിടുന്ന കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു.

വാർത്താസമ്മേളനത്തിൽ കണ്ണീരോടെയാണ് മെസി ആരാധകരോട് വിടചൊല്ലിയത്. മൈക്കിന് മുന്നിൽ നിന്ന് കണ്ണീരടക്കാൻ പാടുപെടുന്ന മെസിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ബാഴ്‌സ വിടുന്നത് ഏറ്റവും പ്രയാസകരമായ നിമിഷമാണെന്ന് താരം പറഞ്ഞു. ‘വർഷങ്ങളായി ഇവിടെ തന്നെ ആയിരുന്നു. 13 വയസുമുതൽ തന്റെ ജീവിതം മുഴുവൻ ഇവിടെയായിരുന്നു. 21 വർഷങ്ങൾക്ക് ശേഷമാണ് ക്‌ളബിനോട് വിടപറയുന്നത്. എല്ലാത്തിനും നന്ദിയുണ്ട്, സഹതാരങ്ങളോടും ഒട്ടേറെ പേരോടും. ക്‌ളബിനു വേണ്ടി എല്ലാം ഞാൻ നൽകിയിട്ടുണ്ട്’- മെസി പറഞ്ഞു.

 

View this post on Instagram

 

A post shared by 433 (@433)

ഈ നഗരത്തില്‍ ജീവിച്ചപ്പോള്‍ താന്‍ ചെയ്‌ത കാര്യങ്ങളിലെല്ലാം അഭിമാനം കൊള്ളുന്നു. വിദേശത്ത് എവിടെ കരിയര്‍ അവസാനിപ്പിച്ചാലും ഇവിടേക്ക് തന്നെ മടങ്ങി വരും. ബാഴ്‌സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആരുമായും യാതൊരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

നേരത്തെ കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ്‌ അവസാന വാരത്തിലാണ് താന്‍ ബാഴ്‌സ വിടുകയാണെന്ന് മെസി ആദ്യമായി അറിയിക്കുന്നത്. കരാര്‍ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാൻസ്‌ഫറായി ക്‌ളബ് വിടാന്‍ മെസിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10നകം ഇക്കാര്യം ക്‌ളബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്‌ഥ മെസിക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാഴ്‌സയും ലാ ലിഗയും റിലീസിങ് ക്‌ളോസ്‌ തുകയില്‍ മുറുകെ പിടിച്ചതോടെ മെസി ഈ സീസണ്‍ കൂടി ക്‌ളബ്ബിൽ തുടരുകയായിരുന്നു.

 

View this post on Instagram

 

A post shared by 433 (@433)

എന്നാല്‍ ഈ സീസണ് ശേഷം മെസിയുടെ ഉയര്‍ന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ക്‌ളബ്ബിന് താരവുമായി പുതിയ കരാറിലെത്തുന്നതിന് തടസമായി. തന്റെ പ്രതിഫലത്തിന്റെ അൻപത് ശതമാനം കുറച്ച് മെസി ക്‌ളബ്ബിൽ തുടരാൻ സന്നദ്ധനായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ലാ ലിഗയുടെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഇതിന് തടസമായി.

ഇതോടെയാണ് മെസിയെന്ന ഫുട്‍ബോൾ മാന്ത്രികനും അദ്ദേഹത്തെ ഇതിഹാസമാക്കി വളർത്തിയ ബാഴ്‌സലോണ എന്ന ക്‌ളബ്ബും തമ്മിൽ വേർപിരിയാൻ ഇടയായത്.

2003ൽ ബാഴ്‌സലോണയ്‌ക്കൊപ്പം ചേർന്ന മെസി ക്‌ളബ്ബിന്റെ ഗോൾ വേട്ടക്കാരിൽ ഒന്നാമനായാണ് വിടപറയുന്നത്. 778 കളികളിൽനിന്നായി 672 ഗോളാണ് താരത്തിന്റെ സമ്പാദ്യം. രണ്ടു പതിറ്റാണ്ടിനിടെ ആറു തവണ ബാളൺ ഡോർ പുരസ്‌കാരവും നേടി. പത്ത് ലാ ലിഗയും നാല് ചാമ്പ്യൻസ് ലീഗ് ട്രോഫിയുമടക്കം 34 കിരീടങ്ങളാണ് താരം ബാഴ്‌സക്ക് നേടിക്കൊടുത്തത്.

Also Read: കൊവാക്‌സിനും കോവിഷീൽഡും വ്യത്യസ്‌ത ഡോസുകളായി നൽകുന്നത് ഫലപ്രദം; ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE