ഫിലാഡൽഫിയ: ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ് കപ്പിൽ മെസി മാജിക്. ചരിത്രത്തിലാദ്യമായി ഇന്റർ മയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ എത്തി. സെമി ഫൈനലിൽ ഫിലാഡൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇന്റർ മയാമി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്.
ഇന്റർ മയാമിക്ക് വേണ്ടി തുടർച്ചയായ ആറാം മൽസരത്തിലും മെസി ഗോളടിച്ചപ്പോൾ, അർജന്റീനിൽ നായകൻ എത്തിയ ശേഷം തോറ്റിട്ടില്ലെന്ന റെക്കോർഡും മയാമി കാത്തുസൂക്ഷിച്ചു. മയാമി കുപ്പായത്തിൽ മെസിയുടെ ഒമ്പതാം ഗോളാണ് ഇന്ന് ഫിലാഡൽഫിയക്കെതിരെ പിറന്നത്. ഇതോടെ ടൂർണമെന്റിലെ ടോപ് സ്‌കോറർ പട്ടവും മെസി ഉറപ്പിച്ചു.
ജോസഫ് മാർട്ടിനസ്, ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരാണ് മയാമിയുടെ മറ്റു സ്‌കോറർമാർ. അലസാൻഡ്രോ ബെദോയ ഫിലാഡൽഫിയക്കായി ആശ്വാസഗോൾ നേടി. ക്‌ളബ് ചരിത്രത്തിലെ തന്നെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇന്റർ മയാമി മൽസരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ജോസഫ് മാർട്ടിനസിലൂടെ ലീഡ് നേടി. 19ആം മിനിറ്റിൽ മെസിയുടെ ലോങ്ങ് റേഞ്ചറിൽ അവർ ലീഡ് ഇരട്ടിയാക്കി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോർഡി ആൽബ മയാമിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. മയാമിക്കായുള്ള ആൽബയുടെ ആദ്യ ഗോളാണിത്. 73ആം മിനിറ്റിൽ ബെദോയയിലൂടെ ഫിലാഡൽഫിയ ഒരു ഗോൾ മടക്കിയെങ്കിലും 84ആം മിനിറ്റിൽ ഡേവിഡ് റൂയിസ് കൂടി സ്‌കോർ ചെയ്‌തതോടെ മയാമി വമ്പൻ ജയം ഉറപ്പിച്ചു.
ഇതോടെ, മേജർ സോക്കർ ലീഗിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായ ഫിലാഡൽഫിയ തോൽവി അറിഞ്ഞു. സീസണിൽ ഈസ്‌റ്റേൺ കോൺഫറൻസിൽ മൂന്നാം സ്‌ഥാനത്തുള്ള ടീമാണ് ഫിലാഡൽഫിയ. ഫൈനലിൽ മൊണ്ടെരിയോ നാഷ്വിലെയോ ആകും ഇന്റർ മയാമിയുടെ എതിരാളികൾ. ജയത്തോടെ മെസിയും സംഘവും അടുത്ത വർഷത്തെ കോൺകാഫ് കപ്പിനും യോഗ്യത നേടി. ഇതാദ്യമായാണ് കോൺകാഫ് ചാമ്പ്യൻസ് കപ്പിന് മയാമി യോഗ്യത നേടുന്നത്.
Most Read| കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്