മലപ്പുറം: അറഫാ ദിനത്തിന്റെ ഭാഗമായി ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍ അറഫാദിന പ്രാർഥനാസംഗമം ഓണ്‍ലൈനില്‍ സംഘടിപ്പിക്കും. നാളെ ചൊവ്വാഴ്‌ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
പരിപാടിയില്‍ നിലവിലെ പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കുന്നതിനും ഹാജിമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനയും നടക്കും. ഖുര്‍ആന്‍ പാരായണം, അറഫാദിനത്തില്‍ ചൊല്ലേണ്ട ദിക്‌റുകള്‍ എന്നിവയും നിർവഹിക്കും.
പരിപാടിയില്‍ സയ്യിദ് ഇസ്‌മാഈൽ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്‌ദുള്ള ഹബീബ് റഹ്‌മാൻ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദൽ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി എന്നിവര്‍ സംബന്ധിക്കും.
എന്താണ് അറഫാദിനം
റമദാൻ മാസം കഴിഞ്ഞ് ഏകദേശം 70 ദിവസങ്ങൾക്ക് ശേഷം വരുന്ന ദിനത്തെയാണ് അറഫാദിനം എന്ന് ഇസ്‌ലാമിക വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. ഹജ്‌ജ് കർമത്തിന്റെ രണ്ടാമത്തെ ദിവസമാണ് അറഫാദിനം. ഇതിനടുത്ത ദിവസം (ദുൽഹജ്‌ജ് 10) ബലിപെരുന്നാൾ അഥവാ ഈദുൽ അദ്‌ഹയായി ആഘോഷിക്കും.

ഇസ്‌ലാമിക കാലഗണന രീതിയിലെ അറബിമാസം അനുസരിച്ച് ദുൽഹജ്‌ജ് മാസം 9നാണ് അറഫാദിനം. പ്രവാചകൻ മുഹമ്മദ് നബി ഇസ്‌ലാം മതത്തിന്റെ പൂർത്തീകരണം പ്രഖ്യാപിച്ചത് ഹിജ്‌റ വർഷം10ന് (632 പൊതുകലണ്ടർ വർഷം) വെള്ളിയാഴ്‌ച ഇതേ ദിവസമായിരുന്നു എന്നും അറഫയിൽ വച്ചാണ് പ്രവാചകൻ മുഹമ്മദ് നബി വിടവാങ്ങൽ പ്രസംഗം നടത്തിയത് എന്നുമാണ് വിശ്വാസം. ഈ വർഷം ജൂലൈ 20 നാണ് ഇന്ത്യയിൽ അറഫാദിനം വരുന്നത്. ഹിജ്റി കലണ്ടർ പ്രകാരം ദുൽഹജ്‌ജ് മാസം 9ആം തീയ്യതി ആണ് അറഫാദിനമായി കണക്കാക്കപ്പെടുന്നത്.
Most Read: ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഡെൽഹിയിലേക്ക്; ജാമിയ മിലിയയിൽ അന്ത്യവിശ്രമം