കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത മലയോര മേഖലയിലെ പോലീസ് സ്‌റ്റേഷനുകളുടെ സുരക്ഷ ശക്‌തമാക്കുന്നു. മുമ്പ് പലതവണ മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത താമരശ്ശേരി, കോടഞ്ചേരി പോലീസ് സ്‌റ്റേഷനുകളുടെ സുരക്ഷാ സംവിധാനങ്ങളാണ് വർധിപ്പിക്കുന്നത്. സ്‌റ്റേഷനുകളുടെ നാല് ഭാഗത്തും സുരക്ഷാ പോസ്‌റ്റുകൾ സ്‌ഥാപിച്ചും ചുറ്റുമതിൽ ഉയരത്തിൽ മുള്ളുവേലികൾ നിർമിച്ചുമാണ് സുരക്ഷ വർധിപ്പിക്കുന്നത്.
ആക്രമണം ഉണ്ടാകുന്നപക്ഷം വെടിയുതിർക്കൽ ഉൾപ്പെടെയാണ് സുരക്ഷ പോസ്‌റ്റുകളിലൂടെ ലക്ഷ്യം വെക്കുന്നത്. ഇവയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. താമരശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പുതുപ്പാടി മൈലള്ളാംപ്പാറയിൽ മുമ്പ് പലതവണ മാവോയിസ്‌റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. ഇവിടുത്തെ കോളനികളിൽ എത്തി ഭക്ഷ്യ സാധനങ്ങൾ വാങ്ങിപ്പോയ സംഭവങ്ങളും റിപ്പോർട് ചെയ്‌തിരുന്നു.
കോടഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെമ്പുകടവ്, നെല്ലിപൊയിൽ മേഖലയിലും പലതവണ മാവോയിസ്‌റ്റുകളുടെ പേരിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ കോളനികളിൽ പോസ്‌റ്റർ വിതരണവും നടത്തിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വൈത്തിരിയിൽ വെച്ച് മാവോയിസ്‌റ്റ് നേതാവ് ജലീൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാവോയിസ്‌റ്റ് സാന്നിധ്യമുള്ള വനത്തോട് ചേർന്നുള്ള പോലീസ് സ്‌റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
Most Read: ജൻമദിനത്തിലും വിവാഹ വാർഷികത്തിനും അവധി; പോലീസിൽ പുതിയ പരിഷ്‌കരണം