തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനുറച്ച് സംസ്‌ഥാന സര്‍ക്കാര്‍. ആളുകള്‍ മാസ്‌ക് ധരിക്കുന്നതില്‍ കാണിക്കുന്ന വിമുഖതക്കെതിര ശക്‌തമായ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്‌ച വരുത്തുന്നത് ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ കൂട്ടാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ 90 സ്‌കൂളുകളുടെ ഉല്‍ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്‌ഥാപനവും നിര്‍വഹിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
മാസ്‌ക് ധരിക്കുന്നതില്‍ ആളുകള്‍ വിമുഖത കാണിക്കുന്നുണ്ടെന്നും അത് രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതകള്‍ സൃഷ്‌ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. അതിനാലാണ് മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം തന്നെ കടകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം അറിയിച്ചു. സാധനങ്ങള്‍ തൊട്ട് നോക്കി തിരഞ്ഞെടുക്കുന്ന കടകള്‍ ആണെങ്കില്‍ ആളുകള്‍ ഗ്ളൗസുകള്‍ ധരിക്കണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ പിഴ ഉയര്‍ത്തേണ്ട സ്‌ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. കടകളില്‍ ആളുകള്‍ക്ക് സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടത് കടയുടമയുടെ ഉത്തരവാദിത്വമാണ്. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്താത്ത കടകള്‍ അടച്ചു പൂട്ടുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ആളുകള്‍ രോഗവ്യാപനത്തെ ഇപ്പോള്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും അത് മാറ്റി പഴയ പോലെ രോഗവ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read also : ഹത്രസ്; മാദ്ധ്യമ വിലക്ക് നീക്കി