ഗാസയിലെ അൽഷിഫ ആശുപത്രിയിൽ കൂട്ട ശവസംസ്‌കാരം; 179 പേരിൽ ഏഴ് കുട്ടികൾ

179 പേരുടെ മൃതദേഹം ഒരുമിച്ചു സംസ്‌കരിച്ചതായി ആശുപത്രി ഡയറക്‌ടർ മുഹമ്മദ് അബു സൽമിയ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്.

By Trainee Reporter, Malabar News
gaza hospital attack
Rep. Image
Ajwa Travels

ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ പരിസരത്ത് മൃതദേഹം കൂട്ടമായി സംസ്‌കരിച്ചതായി റിപ്പോർട്. 179 പേരുടെ മൃതദേഹം ഒരുമിച്ചു സംസ്‌കരിച്ചതായി ആശുപത്രി ഡയറക്‌ടർ മുഹമ്മദ് അബു സൽമിയ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്.

‘മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ ഞങ്ങൾ നിർബന്ധിതരായി’ എന്നാണ് ഡോ. മുഹമ്മദ് അബു സൽമിയ രാജ്യാന്തര മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇസ്രയേലിന്റെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്‌കരിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്‌ഥയിലാണ്‌ ഗാസയിലെ ആശുപത്രികളെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ആശുപത്രിക്കുള്ളിൽ കുമിഞ്ഞു കൂടുന്ന മെഡിക്കൽ വേസ്‌റ്റുകൾ കൈകാര്യം ചെയ്യാൻ മാർഗമില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മെഡിക്കൽ ഉപകരണങ്ങളുടെ അഭാവം മൂലം നിരവധി പേരാണ് അനസ്‌തേഷ്യ നൽകാതെ ശസ്‌ത്രക്രിയക്ക്‌ വിധേയരാകേണ്ടി വരുന്നതെന്ന് ഓർത്തോപീഡിക് സർജൻ ഫദൽ നയീം പറഞ്ഞു. അനസ്‌തേഷ്യ നൽകാതെ ശസ്‌ത്രക്രിയക്ക്‌ വിധേയരാവേണ്ടി വരുന്നത് അത്യന്തം വേദനാജനകമാണെന്നും മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെ നിലവറയിലാണ് ഹമാസ് മുഖ്യകേന്ദ്രം പ്രവർത്തിക്കുന്നതെന്നും രോഗികളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും ആരോപിച്ചു ഇസ്രയേൽ ഏറ്റുമുട്ടൽ കടുപ്പിച്ചതോടെ, ഇവിടെയുള്ള രോഗികളുടെ ഒഴിപ്പിക്കൽ അസാധ്യമായി. ഇതിനിടെ വെന്റിലേറ്റർ പ്രവർത്തിക്കാതായതോടെ അൽഷിഫ ആശുപത്രിയിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. ഒമ്പത് രോഗികളും മരിച്ചു. മൂന്ന് ദിവസത്തിനിടെ അൽഷിഫയിൽ 32 പേരാണ് മരിച്ചത്. ആശുപത്രിയിൽ ഗുരുതരമായി പരിക്കേറ്റ 650 പേർ ഇപ്പോഴുമുണ്ട്.

ഇന്ധനക്ഷാമം തുടർന്നാൽ കൂടുതൽ കുട്ടികളുടെ ജീവൻ അപകടത്തിലാവുമെന്ന് ഡോക്‌ടർമാർ ആശങ്ക പ്രകടിപ്പിച്ചു. ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്‌സും ഇസ്രയേൽ സേന നിയന്ത്രണത്തിലാക്കി. തെക്കൻ ഗാസയിൽ ഇപ്പോഴും ഇസ്രയേൽ കടുത്ത ആക്രമണം നടത്തുകയാണ്. അതിനിടെ, ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇതുവരെ കൊല്ലപ്പെട്ടത് ഐക്യരാഷ്‌ട്ര സഭയുടെ 102 പ്രവർത്തകരാണെന്ന റിപ്പോർട് പുറത്തുവന്നു.

എയ്‌ഡ്‌ ഏജൻസിയെ ഉദ്ധരിച്ചു ദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട് ചെയ്‌തു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ആക്രമണത്തിൽ ഇത്രയും യുഎൻ പ്രവർത്തകർ കൊല്ലപ്പെടുന്നതെന്നാണ് യുഎൻ എയ്‌ഡ്‌ ഏജൻസി വ്യക്‌തമാക്കുന്നത്‌. ഇതുവരെ 27 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Most Read| വർഷങ്ങളായി ജി-മെയിൽ തുറക്കാത്തവരാണോ? അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE