തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോമീറ്ററിന് ഒരു രൂപ കൂട്ടാനും തീരുമാനമായി. നിരക്ക് വർധന സംബന്ധിച്ച വിജ്‌ഞാപനം ഉടൻ പുറത്തിറക്കും.
ഓട്ടോ മിനിമം ചാർജ് 25 രൂപയിൽ നിന്ന് 30 രൂപയാക്കും. ടാക്‌സി മിനിമം ചാർജ് ഇരുനൂറാക്കും. മെയ് ഒന്ന് മുതൽ നിരക്ക് വർധന നിലവിൽ വന്നേക്കും. വിദ്യാർഥികളുടെ നിരക്ക് പരിഷ്‌കരിക്കുന്നത് പഠിക്കാൻ കമ്മീഷനെ നിയോഗിക്കും. ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വർധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്‌റ്റർ അടക്കമുള്ള ആഘോഷങ്ങൾ കഴിയാൻ കാത്തിരിക്കുകയായിരുന്നു സർക്കാർ.
ഓട്ടോ ചാർജ് രണ്ടുകിലോമീറ്ററിന് 30 രൂപ വരെയാക്കി. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയാക്കി നിരക്ക് ഉയർത്തിയിട്ടുണ്ട്. ടാക്‌സി നിരക്ക് 1500 സിസിക്ക് താഴെയുള്ള കാറുകൾ മിനിമം 200 രൂപക്കും 1500 സിസിക്ക് മുകളിലുള്ളവക്ക് 225 രൂപയുമാക്കി ഉയർത്തും. എന്നാൽ, വെയിറ്റിങ് ചാർജ്, രാത്രി യാത്ര എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്‌സി നിരക്ക് ഘടനയിൽ മാറ്റമില്ല.
Most Read: സൂപ്പർ ഡീലക്‌സ് ബസിൽ ഡ്രൈവറുടെ പീഡനശ്രമം; പരാതിയുമായി വിദ്യാർഥിനി