ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം ഓരോന്നായി വിഫലമാകുന്നു. ഡ്രില്ലിങ് ദൗത്യം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. ടണലിനകത്ത് വിള്ളൽ രൂപപ്പെട്ടതോടെയാണ് ഡ്രില്ലിങ് പൂർണമായും ഉപേക്ഷിക്കുന്നത്. പകരം ടണലിന് മുകളിൽ നിന്ന് തൊഴിലാളികൾ കുടുങ്ങിയ ഇടത്തേക്ക് പാതയൊരുക്കാനാണ് നീക്കം.
ഇതിന് മുന്നോടിയായി മലമുകളിലെ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. വൻ ശബ്‌ദം ഉണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെ തുടർന്ന് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സിൽക്യാര- ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ്’ (തുരങ്കം) എന്ന് പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപ്പറേഷൻ എന്നിവയിലെ 200ഓളം വിദഗ്‌ധർ രാപ്പകലില്ലാതെ അദ്ധ്വാനിക്കുകയാണ്. രക്ഷാപ്രവർത്തനം 150 മണിക്കൂറിലധികം പിന്നിട്ടു.
ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ കുടുംബങ്ങൾ സംഭവ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ആരോഗ്യനില വഷളാകുന്നതിന് മുൻപ് തൊഴിലാളികളെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, എല്ലാവരും സുരക്ഷിതരാണെന്നും പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
തൊഴിലാളികളെ പുറത്തെത്തിക്കാൻ കാര്യമായി ഇടപെടുന്നില്ലായെന്നും കുടുംബങ്ങൾ ആരോപിച്ചിട്ടുണ്ട്. അതിനിടെ, ദൗത്യം നാല് ദിവസം കൂടി നീണ്ടേക്കുമെന്ന് സംഭവ സ്‌ഥലം സന്ദർശിച്ച പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്‌ടാവ് ഭാസ്‌കർ ഖുൽബെ വ്യക്‌തമാക്കി. ദൗത്യം ശുഭകരമായി അവസാനിക്കും. ഇതിന് നാലോ അഞ്ചോ ദിവസത്തെ കാത്തിരിപ്പ് കൂടി മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ദൗത്യം നീളുമെന്ന് ഉറപ്പായതോടെ തൊഴിലാളികളുടെ ആരോഗ്യസ്‌ഥിതിയിലും ആശങ്ക ഉയരുന്നുണ്ട്.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്