ന്യൂ ഡെൽഹി: ഓഗസ്‌റ്റ് 31ന് അവസാനിച്ച മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട് എത്രയും വേഗം നിലപാട് വ്യക്‌തമാക്കാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം. നേരത്തെ കോവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടേയും കാര്യത്തിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കേന്ദ്രം നിലപാട് വ്യക്‌തമാക്കാതെ റിസർവ് ബാങ്കിനു പിന്നിൽ ഒളിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു.
ബാങ്ക് വായ്‌പക്ക് അനുവദിച്ചിരുന്ന മൊറട്ടോറിയം കാലാവധി രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സെപ്റ്റംബർ 28 വരെ തിരിച്ചടവ് നടന്നില്ലെങ്കിലും ഒരു നടപടിയും സ്വീകരിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വിഷയത്തിൽ ബാങ്കേഴ്‌സ് അസോസിയേഷനും കേന്ദ്രവും പരസ്‌പരം പഴിചാരുന്ന അവസ്‌ഥക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. അന്തിമ തീരുമാനം ബാങ്കേഴ്‌സ് അസോസിയേഷനാണ് എടുക്കേണ്ടത് എന്ന് കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ മൊറട്ടോറിയം നീട്ടുന്നതിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ് അന്തിമമെന്ന് ബാങ്കേഴ്‌സ് അസോസിയേഷനും ചൂണ്ടികാണിക്കുന്നു. തർക്കം തുടരുന്ന സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് നീട്ടണമെന്ന് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. കേസ് ഈ മാസം 28ലേക്ക് മാറ്റിയ കോടതി സർക്കാരിനോട് നിലപാട് വ്യക്‌തമാക്കാൻ നിർദേശം നൽകി. വിഷയം ഗൗരവത്തോടെ കാണണമെന്നും ജസ്‌റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കാര്യങ്ങൾ മുഴുവൻ ബാങ്കുകളെ എൽപ്പിച്ച് മാറിനിൽക്കാൻ കേന്ദ്രത്തിനും റിസർവ് ബാങ്കിനും കഴിയില്ലെന്ന് കോടതി പരാമർശിച്ചത് സർക്കാരിന് തലവേദന സൃഷ്‌ടിച്ചിരുന്നു.
National News:മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകളില്ല; കോടതി ഇടപെടൽ വേണ്ട; കേന്ദ്രം സുപ്രീം കോടതിയിൽ