കൊച്ചി: തിങ്കളാഴ്‌ച വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന് എതിരായ ആരോപണം ആവർത്തിച്ച് കോൺഗ്രസ്. ജോജു മനഃപൂർവം പ്രശ്‌നമുണ്ടാക്കാൻ തന്നെ വന്നതാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറയുന്നു.
ജോജു ലഹരിയിലാണ് പ്രശ്‌നമുണ്ടാക്കിയതെന്ന ആരോപണത്തിൽ ഷിയാസ് ഉറച്ച് നിൽക്കുകയാണ്. എന്ത് ലഹരിയാണെന്ന് പോലീസ് അന്വേഷിക്കട്ടെയെന്നാണ് കോൺഗ്രസ് നേതാവിന്റെ നിലപാട്. എന്നാൽ, ജോജു മദ്യപിച്ചിരുന്നു എന്ന കോൺഗ്രസ് ആരോപണത്തെ തുടർന്ന് ഇന്നലെ തന്നെ അദ്ദേഹത്തെ പോലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ജോജു മദ്യപിച്ചിട്ടില്ലെന്നായിരുന്നു പരിശോധനയിലെ കണ്ടെത്തൽ. പക്ഷെ, ഇതിന് ശേഷവും നിലപാട് ആവർത്തിക്കുകയാണ് കോൺഗ്രസ്.
ജനകീയ സമരങ്ങളെ കേസെടുത്ത് തടയാൻ പിണറായി വിജയന് കഴിയില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. മോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ജനാധിപത്യ രീതിയിലുള്ള സമരമാണ് നടത്തിയത്. നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു സമരം. അതിനെ ഭീഷണിപ്പെടുത്തി അടിച്ചമർത്താനാവില്ലെന്നും ഷിയാസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർക്കെതിരെയും ഷിയാസ് ആരോപണം ഉന്നയിച്ചു. ഏകപക്ഷീയമായ നടപടിയാണ് പോലീസ് സ്വീകരിച്ചത്. ഒരു സ്‌ത്രീ കൊടുത്ത പരാതിയിൽ കേസെടുത്തില്ല. കലാകാരനായത് കൊണ്ട് ജോജുവിന് ഒരു നീതിയും കോൺഗ്രസുകാർക്ക് വേറൊരു നീതിയുമെന്നത് നടക്കില്ല. ഒരു നാട്ടിൽ എല്ലാവർക്കും ഒരേ നിയമവും ഒരേ നീതിയുമാണ്, ഒരാൾക്കും പ്രത്യേക പ്രിവിലേജില്ല; ഷിയാസ് പറയുന്നു.
സിറ്റി പോലീസ് കമ്മീഷണറുമായി വിളിച്ച് സംസാരിച്ചാണ് സമരം നടത്തുന്ന റൂട്ടുകൾ തീരുമാനിച്ചത്. പോലീസുമായി ധാരണയുണ്ടാക്കിയ ശേഷമാണ് 11 മണി മുതൽ സമരം നടന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ സമരത്തിൽ പങ്കെടുത്തു. അതിനിടയിലേക്ക് മനഃപൂർവം കടന്ന് വന്ന് കുഴപ്പമുണ്ടാക്കുകയാണ് ജോജു ചെയ്‌തത്. മറ്റ് വഴിയിലൂടെ പോകാൻ ജോജുവിന് കഴിയുമായിരുന്നു. അത് ചെയ്‌തില്ലെന്നും ഷിയാസ് ആരോപിച്ചു.
Most Read: ദത്ത് വിവാദം; അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു