ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകം; ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ തലവൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർദീപ് സിങ് നിജ്‌ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായുള്ള വിശ്വസനീയമായ വിവരമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

By Trainee Reporter, Malabar News
India- Canada
India- Canada
Ajwa Travels

ടൊറന്റോ: ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ തലവൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർദീപ് സിങ് നിജ്‌ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായുള്ള വിശ്വസനീയമായ വിവരമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോലിയെ ഉദ്ധരിച്ചാണ് വിവിധ രാജ്യാന്തര മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഇന്ത്യക്കുള്ള ബന്ധം വ്യക്‌തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്ന് മെലാനി ജോളി വിശദീകരിച്ചു. അതേസമയം, കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്‌ക്കുള്ളിൽ വെച്ച് അജ്‌ഞാതരായ രണ്ടുപേർ ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്‌ഥാൻ ടൈഗർ ഫോഴ്‌സ് തലവനായ ഹർദീപിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ കുറ്റാന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു മതപുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹർദീപിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി റിപുദാമൻ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് ഹർദീപ്. ഇതടക്കം 10 എഫ്ഐആറുകളാണ് ഹർദീപിനെതിരെയുള്ളത്. പിടികിട്ടാപ്പുള്ളിയായ ഹർദീപിനെ ഒടുവിൽ രണ്ടംഗ അജ്‌ഞാത സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു.

നേരത്തെ ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്‌തമായതായി കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. കാനഡ പൗരനായ ഹർദീപിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നുള്ളതിന് കാനഡയുടെ സുരക്ഷാ വിഭഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകൾ. ഒരു കാനഡ പൗരന്റെ കൊലപാതകത്തിൽ വിദേശ കരങ്ങളുടെ പങ്ക് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകം ചില ഇന്ത്യൻ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തതായും ട്രൂഡോ വിശദീകരിച്ചു.

ഹർദീപിന്റെ കൊലപാതകത്തിന് പിന്നാലെ ഖലിസ്‌ഥാൻ തീവ്രവാദികൾ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. യുഎസിലെ സാൻഫ്രാൻസിസ്‌കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായി. കോൺസുലേറ്റ് തീയിടാനാണ് അക്രമികൾ ശ്രമിച്ചത്. ഖലിസ്‌ഥാൻ തീവ്രവാദികളുടെ റാലിയുടെ പോസ്‌റ്ററിൽ ‘കിൽ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്‌ജയ്‌ കുമാർ വർമ, ടൊറന്റോയിലെ കോൺസുലർ ജനറൽ അപൂർവ ശ്രീവാസ്‌തവ എന്നിവരുടെ ചിത്രങ്ങൾ നൽകിയതിനെ ഇന്ത്യ ശക്‌തമായി അപലപിച്ചിരുന്നു.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE