പോലീസ് ഓഫിസർ റാബിയ സെയ്‌ഫിയുടെ കൊലപാതകം; നിഗൂഢതകൾ ഒഴിയുന്നില്ല

By News Desk, Malabar News
Rabia Saifi_Murder
Ajwa Travels

ന്യൂഡെൽഹി: റാബിയ സെയ്‌ഫി, സമൂഹ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായതും മുൻനിര മാദ്ധ്യമങ്ങളുടെ കണ്ണിൽ പെടാതെ പോയതുമായ പേര്. ഡെൽഹി നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥയായ റാബിയയെ ഓഗസ്‌റ്റ്‌ 26ന് രാജ്യതലസ്‌ഥാനത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അധികം വൈകാതെ തന്നെ റാബിയ ക്രൂരപീഡനത്തിന് ഇരയായതായി ഔദ്യോഗിക സ്‌ഥിരീകരണമില്ലാത്ത വാർത്തകളും വന്നുതുടങ്ങി.

മനുഷ്യമനസാക്ഷിക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ആ ക്രൂരത എന്നാണ് ലഭ്യമായ വിവരങ്ങൾ പറയുന്നത്. അൻപതിലധികം തവണ റാബിയയെ വെട്ടിപരിക്കേൽപിച്ചിരുന്നു എന്നും രണ്ട് സ്‌തനങ്ങളും മുറിച്ചെടുത്ത നിലയിലും സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കപ്പെട്ട നിലയിലുമായിരുന്നു ശരീരമെന്നും റിപ്പോർട്ടുകൾ ഉണ്ട്. മരിക്കുന്നതിന് മുൻപ് തന്നെ ഒരു മനുഷ്യശരീരത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറം വേദനകൾ റാബിയ അനുഭവിച്ചിരുന്നു എന്നത് പോലീസും മൃതശരീരം നേരിൽകണ്ടവരും അടിവരയിടുന്നുണ്ട്.

ഇന്ത്യ 75ആം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ നടന്ന ഈ അരുംകൊല മുൻനിര മാദ്ധ്യമങ്ങളിലൊന്നും റിപ്പോർട് ചെയ്യപ്പെട്ടില്ല. രാജ്യതലസ്‌ഥാനത്ത് ഒരു സിവിൽ ഡിഫൻസ് ഉദ്യോഗസ്‌ഥ അതിക്രൂരമായി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടിട്ടും ബിജെപി നിയന്ത്രിത ഡെൽഹി പോലീസ് മൗനം പാലിക്കുകയാണ്. കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ ഒട്ടകപക്ഷിയെ പോലെ തല മണ്ണിൽ പൂഴ്‌ത്തി വെക്കില്ലെന്ന് പ്രതീക്ഷിക്കാം; കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് സിങ്‌വി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ.

ഇതിനിടെ കേസിൽ ഏറെ നിഗൂഢതകൾ സൃഷ്‌ടിച്ചുകൊണ്ടാണ് പ്രതിയെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് പോലീസിന് കീഴടങ്ങിയ നിസാമുദ്ദീൻ എന്നയാളുടെ വരവ്. മേലുദ്യോഗസ്‌ഥരാണ് തങ്ങളുടെ മകളെ കൊന്നതെന്ന റാബിയയുടെ മാതാപിതാക്കളുടെ ആരോപണങ്ങൾ പാടെ തള്ളി അന്വേഷണത്തിന് ഇടം കൊടുക്കാതെ പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനും അറസ്‌റ്റ്‌ ചെയ്യാനും അധികം താമസമുണ്ടായില്ല.

താൻ റാബിയയുടെ ഭർത്താവ് ആണെന്നും ഹരിയാനയിലെ ഫരീദാബാദിലെ സൂരജ്‌കുണ്ഡ് പാലി റോഡിനടുത്ത് വെച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും പ്രതിയെന്ന് പറയുന്ന നിസാമുദ്ദീൻ പോലീസിന് മൊഴി നൽകി. ഇക്കാര്യമടക്കം വ്യക്‌തമാക്കിയാണ് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. എന്നാൽ, നിസാമുദ്ദീനെയും പോലീസ് റിപ്പോർട്ടും അംഗീകരിക്കാൻ റാബിയയുടെ മാതാപിതാക്കൾ തയ്യാറായില്ല.

ലജ്‌പത്‌ നഗർ ഡിഎം ഓഫിസിലെ ഉദ്യോഗസ്‌ഥർ റാബിയയുടെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പിതാവ് സമിദ് അഹമ്മദ് പറയുന്നു. ‘ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിൽ നാളുകളായി നടക്കുന്ന അഴിമതി പ്രവർത്തനങ്ങളെ കുറിച്ച് റാബിയക്ക് അറിയാമായിരുന്നു. കോടിക്കണക്കിന് രൂപ സൂക്ഷിച്ചിരിക്കുന്ന ഡിഎം ഓഫിസിൽ ഒരു രഹസ്യ അറയുണ്ടെന്നും അവിടേക്ക് ദിവസംതോറും 34 ലക്ഷം രൂപയാണ് എത്തിയിരുന്നതെന്നും റാബിയ തന്നോട് പറഞ്ഞിട്ടുണ്ട്’; സമിദ് അഹമ്മദ് പറഞ്ഞു.

Rabia Saifi_Murder

കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് ഇപ്പോൾ ഹാജരായ കൊലയാളിയിലൂടെ നടത്തുന്നത്. പിന്നിൽ വലിയൊരു ഗൂഢാലോചന തന്നെ നടക്കുന്നുണ്ട്. റാബിയ വിവാഹിതയായിരുന്നില്ല. വിവാഹത്തിന് യാതൊരു തെളിവുകളുമില്ല. റാബിയ ഇങ്ങനെയൊരു വിവരം അറിയിക്കുകയോ മറ്റാരിൽ നിന്ന് തങ്ങൾ അറിയുകയോ ചെയ്‌തിട്ടില്ല; വികാരമടക്കാനാകാതെ റാബിയയുടെ പിതാവ് കുഴങ്ങി.

റാബിയയുടെ കുടുംബത്തിന്റെ സമ്മതമില്ലാത്തതിനാൽ രഹസ്യമായാണ് വിവാഹം കഴിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ വിവരം. ലജ്‌പത്‌ നഗറിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ റാബിയയെ തട്ടിക്കൊണ്ട് പോവുകയും പരപുരുഷ ബന്ധത്തെ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും ചെയ്‌തു. തുടർന്ന് രോഷാകുലനായ താൻ റാബിയയെ ആക്രമിക്കുകയായിരുന്നു എന്നാണ് മൊഴി. പോലീസിന്റെ റിപ്പോർട്ടിലും ഈ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ബലാൽസംഗം നടന്നിട്ടില്ലെന്ന കൂട്ടിച്ചേർക്കലും.

എങ്കിലും കേസിൽ വിചിത്രമായ പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ഡെൽഹിയിലെ സംഗം വിഹാറിൽ താമസിക്കുന്ന സിവിൽ ഡിഫൻസ് ഓഫിസറാണ് റാബിയ. ഡെൽഹിയിൽ ജോലി ചെയ്യുന്ന റാബിയയെ എന്തിനാണ് ഫരീദാബാദിലെ പാലി റോഡിലേക്ക് കൊണ്ടുപോയത്? എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഫരീദാബാദിലെ സൂരജ്‌കുണ്ഡ്- പാലി റോഡിൽ നിന്ന് 10-15 അടി ഉയരമുള്ള കുറ്റിക്കാട്ടിലാണ് റാബിയയുടെ മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയെ കാണാനില്ലെന്ന് നേരത്തെ തന്നെ ബന്ധുക്കൾ പരാതി നൽകിയെങ്കിലും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്. പിന്നീട് ബന്ധുക്കൾ തന്നെ നേരിട്ട് തിരച്ചിൽ നടത്തുകയായിരുന്നു. മറ്റൊന്ന്, റാബിയയുടെ മൃതദേഹം കണ്ടെടുത്ത ഉടൻ തന്നെയാണ് നിസാമുദ്ദീൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത് എന്ന വസ്‌തുത ഏറെ വിചിത്രമാണ്.

ജൂലൈ 7ന് തങ്ങൾ വിവാഹിതരായെന്ന് പ്രതി പറയുന്നുണ്ടെങ്കിലും തങ്ങളുടെ മകൾ അവിവാഹിതയാണെന്ന് മാതാപിതാക്കൾ ഉറപ്പിച്ചുപറയുന്നു. മെഹർ സാറിന്റെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് റാബിയയെ പോലീസ് കൂട്ടിക്കൊണ്ട് പോയി എന്ന് റാബിയയുടെ സഹപ്രവർത്തകൻ പറയുന്ന ശബ്‌ദരേഖ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ചും നിരവധി സംശയങ്ങൾ ബാക്കിയാണ്.

റാബിയ ബലാൽസംഗം ചെയ്യപ്പെട്ടില്ല എന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നത്. എന്നാൽ, സ്വകാര്യഭാഗങ്ങളിൽ അതിക്രൂരമായി പരിക്കേൽപിച്ചിട്ടുണ്ട്. പോസ്‌റ്റുമോർട്ടം റിപ്പോർട് തള്ളിയ റാബിയയുടെ മാതാപിതാക്കൾ തങ്ങളുടെ മകളെ നാല് പേർ ചേർന്നാണ് ബലാൽസംഗം ചെയ്‌തതെന്ന്‌ ഉറപ്പിച്ച് പറയുന്നു.

അതേസമയം, നിസാമുദ്ദീൻ റാബിയയുടെ സുഹൃത്താണെന്നും ഇയാളും നാല് സുഹൃത്തുക്കളും ചേർന്നാണ് റാബിയയെ ബലാൽസംഗം ചെയ്‌തതെന്നും റാബിയയുടെ ബന്ധു പറയുന്നു. ഇത് പുറത്ത് പറയുമെന്ന് ഭയന്നാണ് നിസാമുദ്ദീനും കൂട്ടാളികളും റാബിയയെ കൊലപ്പെടുത്തിയതെന്നും ബന്ധു പറഞ്ഞു. പോലീസ് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി സത്യം കണ്ടെത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

Rabia Saifi_Murder

കേസ് ഇപ്പോഴും അന്വേഷണത്തിലാണ്. സമൂഹ മാദ്ധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. റാബിയയ്‌ക്ക് നീതി തേടി ആയിരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പോലും അതിഭയങ്കരമായ വേദനയിലൂടെയാണ് റാബിയ കടന്നുപോയത്. റാബിയ നേരിട്ട ക്രൂരത സങ്കൽപിക്കാൻ പോലും പ്രയാസമാണെന്നാണ് ആളുകൾ സമൂഹ മാദ്ധ്യമങ്ങളിൽ കുറിക്കുന്നത്.

നിർഭയയ്‌ക്കും ആസിഫയ്‌ക്കും ഹത്രസ്‌ പെൺകുട്ടിക്കും പേരുകൾ പോലും ഓർമിക്കപ്പെടാത്ത നിരവധി സ്‌ത്രീകൾക്കും ഒപ്പം ഇപ്പോൾ റാബിയയുടെ പേരും ചേർക്കപ്പെടുന്നു. 75ആം സ്വാതന്ത്ര്യത്തിന്റെ നിറവിൽ നിൽക്കുമ്പോഴും രാജ്യത്തെ സ്‌ത്രീകളുടെ അരക്ഷിതാവസ്‌ഥ തുടരുകയാണ്. ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു സ്‌ത്രീയോ പെൺകുട്ടിയോ ആക്രമണത്തിന് ഇരയാകുന്നുണ്ട്. അധികൃതർ അപ്പോഴും ‘ഒട്ടകപക്ഷിയെ പോലെ’ മണ്ണിൽ തല പൂഴ്‌ത്തി നിലകൊള്ളുകയാണ്.

ഓരോ ബലാൽസംഗ കേസുകൾക്ക് ശേഷവും ഇനിയൊന്ന് സംഭവിക്കരുതേ എന്ന് പ്രത്യാശിക്കുന്ന സമയം കൊണ്ട് അതിഭയാനകമായ മറ്റൊന്ന് സംഭവിക്കുകയാണ്. റാബിയയ്‌ക്ക് വേണ്ടി ശബ്‌ദം ഉയർത്തുന്ന ഓരോരുത്തരും ആവർത്തിച്ച് പറയുന്നത് ഇതാണ് ‘ജസ്‌റ്റിസ്‌ ഫോർ റാബിയ എന്ന ഹാഷ്‌ടാഗിൽ മാത്രമായി ഈ കേസ് ഒതുങ്ങാതിരിക്കട്ടെ, നീതിദേവത കണ്ണുതുറക്കട്ടെ’.

Also Read: ഓടുന്ന കാറിൽ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE