തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്‌എസിനെതിരെ കന്റോൺമെന്റ് പോലീസെടുത്ത കേസ് പിൻവലിക്കും. കേസ് പിൻവലിക്കാമെന്ന് അസി. പബ്ളിക് പ്രോസിക്യൂട്ടർ ആർ മനു പോലീസിന് നിയമോപദേശം നൽകി. സ്‌പീക്കർ എഎൻ ഷംസീറിന്റെ ഗണപതിയുമായി ബന്ധപ്പെട്ട പ്രസ്‌താവനക്ക് എതിരേയാണ് കഴിഞ്ഞ മാസം പത്തിന് എൻഎസ്എസ് തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര നടത്തിയത്.
എൻഎസ്എസ് നേതാക്കളെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. യാത്രക്കിടെ പൊതുമുതൽ നശിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ല, സ്‌പർദ്ദ ഉണ്ടാക്കണമെന്നുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല, ഘോഷയാത്രക്കെതിരെ ഒരു വ്യക്‌തിയോ സംഘടനയോ പരാതി നൽകാത്തതിനാൽ കേസ് പിൻവലിക്കാമെന്നും നിയമോപദേശത്തിൽ വ്യക്‌തമാക്കുന്നു. കേസ് പിൻവലിച്ചു കൊണ്ടുള്ള റിപ്പോർട് കോടതിയിൽ സമർപ്പിക്കണമെന്നും നിയമോപദേശത്തിൽ പറയുന്നു.
എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഉൾപ്പടെ കണ്ടാലറിയാവുന്നവർക്ക് എതിരേയാണ് കേസെടുത്തത്. കേസ് പിൻവലിക്കണമെന്ന് നേരത്തെ എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് കേസ് പിൻവലിക്കാനുള്ള നിയമോപദേശം ലഭിക്കുന്നത്. അതേസമയം, അനുമതി ഇല്ലാതെയാണ് ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയിൽ പോലീസ് റിപ്പോർട് നൽകിയിരുന്നു.
Most Read| മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാൻ ശ്രമം; ബിജെപിക്കെതിരെ എംകെ സ്‌റ്റാലിൻ