ന്യൂഡെൽഹി: മുതിർന്ന എൻസിപി നേതാവ് ദിലിപ് വൽസേ പാട്ടീൽ മഹാരാഷ്‌ട്രയുടെ പുതിയ ആഭ്യന്തര മന്ത്രിയാവും. നിലവിൽ താക്കറെ മന്ത്രിസഭയിലെ തൊഴിൽ, എക്‌സൈസ് മന്ത്രിയായ പാട്ടീൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മുൻ പിഎ ആയിരുന്നു. രാജിവെച്ച അനിൽ ദേശ്‌മുഖിന് പകരമായാണ് പാട്ടീൽ പദവി ഏറ്റെടുക്കുന്നത്.
നേരത്തെ കോൺഗ്രസ് എംഎൽഎ ആയിരുന്ന പാട്ടീൽ എൻസിപി രൂപവത്കരിച്ചതിന് പിന്നാലെയാണ് പവാറിനൊപ്പം ചേർന്നത്. പവാറിന്റെ വിശ്വസ്‌തനായ അദ്ദേഹം ഏഴ് തവണ എംഎൽഎ ആയിട്ടുള്ള ആളാണ്. നേരത്തെ നിയമസഭ സ്‌പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ കോൺഗ്രസ് എംഎൽഎ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവും പവാറിന്റെ അനുയായി ആയിരുന്നു.
അഴിമതിയാരോപണം നേരിട്ടതോടെയാണ് ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്‌മുഖ് രാജിവെച്ചത്. ഇദ്ദേഹത്തിനെതിരെ മുംബൈ പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച അഴിമതിയാരോപണ കേസ് സിബിഐക്ക് വിടാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ആയിരുന്നു രാജി. ദേശ്‌മുഖിന് എതിരായ പരംബീർ സിങ്ങിന്റെ ആരോപണങ്ങളിൽ സിബിഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാൻ ആയിരുന്നു മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്.
ഐപിഎസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിലാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
Read Also: ലാവ്‌ലിന്‍ കേസ്; നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ