ന്യൂഡെൽഹി: ലാവ്‌ലിന്‍ കേസ് നാളെ പരിഗണിക്കരുതെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ അപേക്ഷ. ഹൈക്കോടതി കുറ്റവിമുക്‌തനാക്കിയ എ ഫ്രാൻസിസാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. പ്രധാനപ്പെട്ട ചില രേഖകൾ കൂടി ഹാജരാക്കണമെന്ന് കാണിച്ചാണ് അപേക്ഷ.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരായ സിബിഐ അപ്പീലാണ് കോടതി നാളെ പരിഗണിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി മുൻ ഉദ്യോഗസ്‌ഥരായ ആർ ശിവദാസ്, കസ്‌തൂരിരംഗ അയ്യർ, കെജി രാജശേഖരൻ എന്നിവരും കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
നേരത്തെ 27 തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്. രേഖകൾ സമ൪പ്പിക്കാനുള്ളതിനാൽ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണം എന്നായിരുന്നു ഇത്രയും കാലം സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. തുടർന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
നിലവിൽ രണ്ട് കോടതികൾ ഒരേ വിധി പുറത്തിറക്കിയ കേസിൽ സുപ്രീംകോടതി ഇടപെടുമ്പോൾ ശക്‌തമായ കാരണങ്ങളും, തെളിവുകളും വേണമെന്ന് കോടതി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നാളെ കേസ് പരിഗണിക്കുക.
Read Also: ‘പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല’; അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് എംപി