ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് 300 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ഡെൽഹി പോലീസ്. ട്വിറ്ററിൽ വന്ന ‘ടൂൾകിറ്റുകൾ’ അനുസരിച്ചാണ് സമരം നടക്കുന്നത്. ഇതിന് പിന്നിൽ ഖാലിസ്‌ഥാൻ ബന്ധമുള്ളവരാണെന്നും ഡെൽഹി പോലീസ് പറഞ്ഞു.
അതേസമയം, സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തുവെന്ന വാർത്ത ഡെൽഹി പോലീസ് നിഷേധിച്ചു. ഡെൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
300 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മുഖേന രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നുവെന്നാണ് കമ്മീഷണർ പറഞ്ഞത്. പ്രത്യേക താൽപര്യങ്ങളുള്ള സംഘടനകളാണ് ഇതിന് പിന്നിൽ. ട്വിറ്ററിലെ ‘ടൂൾകിറ്റി’ൽ വന്ന സന്ദേശങ്ങൾ അനുസരിച്ചാണ് ജനുവരി 26ന് ആക്രമണങ്ങൾ നടന്നത്. ഇക്കാര്യത്തിൽ ഗൂഢാലോചനകൾ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്, ഡെൽഹി പോലീസ് പറഞ്ഞു.
അതേസമയം, ഗ്രെറ്റ തൻബെർഗിന് എതിരെ കേസ് എടുത്തെന്ന വാർത്ത പോലീസ് നിഷേധിച്ചു. മൂന്നൂറിൽ അധികം ട്വിറ്റർ ഹാൻഡിലുകൾക്ക് എതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹകുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എന്നാൽ, എഫ്‌ഐആറിൽ ആരുടെയും പേര് പരാമർശിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.
Read also: കനയ്യ കുമാറിന് സിപിഐ ദേശീയ കൗണ്‍സിലിന്റെ താക്കീത്