തിരുവനന്തപുരം : സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. അതേസമയം തന്നെ ശനി, ഞായർ ദിവസങ്ങളിൽ നിലനിൽക്കുന്ന വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തു. കൂടാതെ കോവിഡ് വ്യാപനം കുറക്കുന്നതിനായി രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങളും, നിയമങ്ങളും കൊണ്ട് വന്നാൽ മതിയെന്ന നിലപാടെടുത്ത യോഗം, രാത്രി 7.30ന് തന്നെ കടകൾ അടക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോടും യോജിപ്പ് വ്യക്‌തമാക്കി.
വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്നും, ഇക്കാര്യത്തിൽ രാഷ്‌ട്രീയ പാർട്ടികൾ തന്നെ അണികളോട് ആഹ്വാനം നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു. രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇവിടങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനം എടുക്കുകയും ചെയ്യാം.
കൂടാതെ ആദിവാസി മേഖലകളിൽ കോവിഡ് പരിശോധന കർശനമായി നടപ്പാക്കാൻ തീരുമാനമായിട്ടുണ്ട്. ഒപ്പം തന്നെ ആരാധനാലയങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. ആരാധനാലയങ്ങളുടെ വലിപ്പമനുസരിച്ച് നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കാമെന്നാണ് യോഗത്തിൽ തീരുമാനമായത്.
Read also : കോവിഡ് രണ്ടാം വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി