വയനാട്: ജില്ലയിലെ കമ്പളക്കാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത. കോട്ടത്തറ സ്വദേശി ജയനാണ് (36) മരിച്ചത്. ഇന്നലെ രാത്രി പറമ്പിലെത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്‌ക്കുക ആയിരുന്നുവെന്നാണ് ഒപ്പമുണ്ടായവർ പറയുന്നത്. എന്നാൽ, സംഭവത്തിൽ കൂടുതൽ വ്യക്‌തത വരുത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്.
ജയന് കഴുത്തിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്. നെൽപ്പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് ജയൻ അടങ്ങിയ സംഘം പോയതെന്നാണ് ഒപ്പം പോയവരുടെ വിശദീകരണം. എന്നാൽ, ഇവർ വേട്ടയ്‌ക്ക് പോയതാണെന്ന ആരോപണവും ഉയരുന്നുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് പറയാൻ പറ്റുവെന്നാണ് പോലീസിന്റെ പ്രതികരണം.
അതേസമയം, ജയനൊപ്പം പോയ ബന്ധുവായ ശരുണിന് (26) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: നവജാത ശിശുവും അമ്മയും മരിച്ച സംഭവം; രോഗതീവ്രത അറിയിച്ചില്ലെന്ന് കുടുംബം