കോവിഡ് കാലത്തെ ഓൺലൈൻ തട്ടിപ്പ്; നടപടി വൈകുന്നു; വ്യാജൻമാർ ഇപ്പോഴും സജീവം

By News Desk, Malabar News
MalabarNews_ online-fraud
Representation Image
Ajwa Travels

ബെംഗളൂരു: ലോക്ക്‌ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്തുള്ള ഓൺലൈൻ തട്ടിപ്പുകേസുകളിൽ അധികൃതരുടെ നടപടികൾ വൈകുന്നതായി ആക്ഷേപം. കേസിൽ ഉൾപ്പെട്ട വ്യാജ വെബ്‌സൈറ്റുകളും ആപ്പുകളും അധികൃതർ ഇതുവരെ നീക്കം ചെയ്‌തിട്ടില്ല. ഇത് തട്ടിപ്പുകാർക്ക് കൂടുതൽ സഹായമാവുകയാണ്. മലയാളികളുടെ നേതൃത്വത്തിൽ ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഈ മാസം പിടിക്കപ്പെട്ട രണ്ട് വെബ്‌സൈറ്റുകൾ ഇപ്പോഴും സജീവമാണ്.

ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതിന് പവർബാങ്ക്, സൺഫാക്‌ടറി എന്നീ വെബ്‌സൈറ്റുകളെ ജൂൺ 12നാണ് പോലീസ് പിടികൂടിയത്. ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യാന്തര ഹവാല റാക്കറ്റുമായി വരെ ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ കമ്പനി തലവൻ അനീസ് അഹമ്മദെന്ന മലയാളി ഉൾപ്പടെ 9 പേരാണ് അറസ്‌റ്റിലായത്‌.

ആയിരക്കണക്കിന് പേരിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച 290 കോടി രൂപ അനീസ് അഹമ്മദിന്റെ അക്കൗണ്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തിട്ടും തട്ടിപ്പ് നടത്തിയ ഇവരുടെ ആപ്പുകൾ ഇപ്പോഴും പ്‌ളേ സ്‌റ്റോറിൽ ലഭ്യമാണ്.

മറ്റൊരു രീതിയിൽ ലോക്ക്‌ഡൗൺ കാലത്ത് തട്ടിപ്പ് നടത്തിയ ആപ്പാണ് ജാ ലൈഫ്‌സ്‌റ്റൈൽ. പരസ്യം കണ്ടിരുന്നാൽ പണം ലഭിക്കുമെന്ന വാഗ്‌ദാനവുമായാണ് ഇവർ രംഗത്തെത്തിയത്. മണി ചെയിൻ മോഡലിലായിരുന്നു ഇവരുടെ തട്ടിപ്പ്. ജാ ലൈഫ്‌സ്‌റ്റൈൽ കമ്പനിയുടെ തലവനും മലയാളിയുമായ കെഎ ജോണിയെ 3.7 കോടി രൂപയുമായി ബെംഗളൂരു പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ജൂൺ അഞ്ചിന് അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

എന്നാൽ, കേരളത്തിലടക്കം ആയിരക്കണക്കിന് വാട്സാപ്‌ ഗ്രൂപ്പുകളിലൂടെ ഇപ്പോഴും ജാ ലൈഫ്‌സ്‌റ്റൈൽ തട്ടിപ്പ് തുടരുകയാണ്. ആയിരം രൂപ നൽകി സൈറ്റിൽ അംഗമായവരുടെ എണ്ണം മുപ്പത് ലക്ഷം കടന്നെന്നാണ് വെബ്‌സൈറ്റിലൂടെ ജാ ലൈഫ്‌സ്‌റ്റൈൽ ഉടമകൾ ഇപ്പോഴും അവകാശപ്പെടുന്നത്.

അതുപോലെ തന്നെ ദിവസങ്ങൾക്ക് മുൻപ് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ബെംഗളൂരു പോലീസ് കണ്ടെത്തിയ ഡിജിടെക് മാർക്ക് ഡോട്ട് ലൈവ് എന്ന വെബ്‌സൈറ്റും ഇപ്പോഴും സജീവമായി തന്നെ രംഗത്തുണ്ട്. രണ്ടായിരത്തോളം പേരിൽ നിന്ന് ആയിരം കോടി രൂപയോളം ഇവർ സമാഹരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയത്.

കേസെടുത്ത് തട്ടിപ്പ് സംഘത്തിന്റെ തലവൻമാരെ ജയിലിൽ അടച്ചാൽ പോലും തട്ടിപ്പ് അവസാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത്തരം സൈറ്റുകളും ആപ്പുകളും രാജ്യത്ത് നിരോധിക്കാനും ഇവ നീക്കം ചെയ്യാനുമുള്ള നടപടികൾ കേന്ദ്രസർക്കാർ വൈകിക്കുന്നതാണ് പകൽക്കൊള്ളക്ക് കാരണമാകുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Also Read: ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE