‘പാടും നിലാ’ ഇനി ഓർമ്മ; എസ്.പി.ബി അന്തരിച്ചു

By Staff Reporter, Malabar News
MalabarNews_spb covid result
Representation Image
Ajwa Travels

ചെന്നൈ: പ്രശസ്‌ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4-നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂര്‍ത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4-ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്.

തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി.ബി. ഒരു എന്‍ജിനീയര്‍ ആവണമെന്നായിരുന്നു. അനന്തപൂരിലെ JNTU എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാല്‍ അവിടുത്തെ വിദ്യാഭ്യാസം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍ പ്രവേശനം നേടി. പക്ഷേ അപ്പോഴും സംഗീതം ഒരു തപസ്യയായി അദ്ദേഹം കൂടെ കൊണ്ടു നടന്നു. പല ആലാപന മത്സരങ്ങളില്‍ നല്ല ഗായകനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1964-ല്‍ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അമേച്വര്‍ ഗായകര്‍ക്കുള്ള സംഗീത മത്സരത്തില്‍ അദ്ദേഹം ഒന്നാം സമ്മാനം നേടി. അനിരുത്ത (ഹാര്‍മോണിയം), ഇളയയരാജ (ഗിറ്റാറിലും പിന്നീട് ഹാര്‍മോണിയത്തിലും), ഭാസ്‌കര്‍ (കൊട്ടുവാദ്യത്തില്‍), ഗംഗൈ അമരന്‍ (ഗിറ്റാര്‍) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകനായിരുന്നു അദ്ദേഹം. എസ്. പി. കോദണ്ഡപാണി, ഗന്ധശാല എന്നിവര്‍ വിധികര്‍ത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തില്‍ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

എസ്.പി.ബി അവസരങ്ങള്‍ തേടി സംഗീത സംവിധായകരെ പലപ്പോഴും സന്ദര്‍ശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷന്‍ ഗാനം ‘നിലവെ എന്നിടം നെരുങ്കാതെകാതെ’ ആയിരുന്നു. മുതിര്‍ന്ന പിന്നണി ഗായകനായിരുന്ന പി.ബി. ശ്രീനിവാസ് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് ബഹുഭാഷാ വാക്യങ്ങള്‍ എഴുതി നല്‍കാറുണ്ടായിരുന്നു.

ചലച്ചിത്ര പിന്നണി ഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്. ഇതില്‍ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതല്‍ പാടിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്.

ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. (ഗായിക എന്ന റെക്കോര്‍ഡ് ലതാ മങ്കേഷ്‌കര്‍).

ഗായകൻ എന്നതിലുപരി നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്.

സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവര്‍ക്ക് എസ്.പി.ബി. ചരണ്‍ എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരണ്‍ അച്ഛന്റെ വഴി പിന്തുടര്‍ന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി.

കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാല്‍ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിത്തീര്‍ന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തില്‍ കമല്‍ ഹാസന് ശബ്‌ദം നല്‍കി. കമല്‍ ഹാസന്‍, രജനീകാന്ത്, വിഷ്ണുവര്‍ദ്ധന്‍, സല്‍മാന്‍ ഖാന്‍, കെ. ഭാഗ്യരാജ്, മോഹന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജെമിനി ഗണേശന്‍, അര്‍ജുന്‍ സര്‍ജ, നാഗേഷ്, കാര്‍ത്തിക്, രഘുവരന്‍ എന്നിങ്ങനെ വിവിധ കലാകാരന്മാര്‍ക്ക് വേണ്ടി വിവിധ ഭാഷകളില്‍ അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്. തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളില്‍ കമല്‍ ഹാസന്റെ സ്ഥിരം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ദശാവതാരം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി, കമല്‍ ഹാസന്‍ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് (ഒരു സ്‌ത്രീ കഥാപാത്രമടക്കം) അദ്ദേഹം ശബ്‌ദം നല്‍കി. അണ്ണാമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പുരുഷ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള നന്ദി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 2012 ല്‍ ശ്രീരാമ രാജ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിനായി നന്ദമുരി ബാലകൃഷ്ണക്കു വേണ്ടി ഡബ്ബ് ചെയ്‌തു. ബെന്‍ കിംഗ്സ്ലിയുടെ ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്‌ദം നല്‍കിയതും ബാലസുബ്രഹ്മണ്യം ആയിരുന്നു.

തെലുങ്കു, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. പാടിയഭിനയിച്ച വേഷങ്ങളും ഒട്ടേറെ. കേളടി കണ്‍മണിയിലെ ‘മണ്ണില്‍ ഇന്തകാതല്‍…’ എന്ന അതിശയഗാനം ഇക്കൂട്ടത്തില്‍ ഒന്നാണ്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ് പി ബിക്കു മാത്രം സ്വന്തം. ഇതിനിടയില്‍ നാല് ഭാഷകളിലായി 46 സിനിമകള്‍ക്കു സംഗീതം നല്‍കാനും തമിഴ്, തെലുങ്ക് സീരിയലുകളില്‍ അഭിനയിക്കാനും ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായിരിക്കാനും റിയാലിറ്റി ഷോകളില്‍ വിധി കർത്താവായി ഇരിക്കാനും എസ് പി ബി എന്ന സര്‍വ്വകലാവല്ലഭന് സാധിച്ചു.

സംഗീത ലോകത്തെ അനശ്വര പ്രതിഭക്ക് മലബാർ ന്യൂസിന്റെ ആദരാഞ്ജലികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE