പദ്‌മജ വേണുഗോപാൽ ബിജെപിയിൽ; ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കും

തുടർച്ചയായി കോൺഗ്രസ് നേതൃത്വം അവഗണിച്ചതാണ് തീരുമാനത്തിന് പിന്നിലെന്ന് പദ്‌മജ അറിയിച്ചു.

By Trainee Reporter, Malabar News
Padmaja Venugopal to BJP; Party membership will be accepted today
Ajwa Travels

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാൽ ബിജെപിയിലേക്ക്. ഇന്ന് ഉച്ചക്ക് മുൻപ് പദ്‌മജ ഡെൽഹിലെ ബിജെപി ആസ്‌ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡെൽഹിയിലെത്തിയ പദ്‌മജ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർച്ചയായി കോൺഗ്രസ് നേതൃത്വം അവഗണിച്ചതാണ് തീരുമാനത്തിന് പിന്നിലെന്ന് പദ്‌മജ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെയാണ് പദ്‌മജ ബിജെപിയിലേക്ക് എത്തുന്നതെന്നാണ് സൂചന. പദ്‌മജ വേണുഗോപാലിന് ഉചിതമായ പദവികൾ നൽകുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. വാഗ്‌ദാനം ചെയ്‌തിരുന്ന രാജ്യസഭാ സീറ്റ് നൽകാത്തതും തന്നെക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണ് പദ്‌മജയെ ചൊടിപ്പിച്ചതെന്നാണ് വിവരം. കെ കരുണാകരന്റെ സ്‌മാരകം നിർമിക്കുന്നത് കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതിലും പദ്‌മജക്ക് അമർഷമുണ്ട്.

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് മൽസരിച്ചെങ്കിലും പദ്‌മജ വിജയിച്ചില്ല. കഴിഞ്ഞ നിയമസഭാ പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പദ്‌മജ കയറുന്നത് ജില്ലാ നേതാക്കൾ തടഞ്ഞതും പദ്‌മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണ് സൂചന. പദ്‌മജ ബിജെപിയിൽ ചേരുമെന്ന് നേരത്തെ പ്രചാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് തള്ളിക്കളഞ്ഞു അവർ തന്നെ രംഗത്ത് വന്നിരുന്നു.

ബിജെപിയിലേക്ക് പോകുന്നു എന്നൊരു വാർത്ത ഏതോ ഒരു മാദ്ധ്യമത്തിൽ വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്‌മജയുടെ പ്രതികരണം. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് പദ്‌മജ. 2004ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. തൃശൂരിൽ നിന്ന് 2021ൽ നിയമസഭയിലേക്ക് മൽസരിച്ചപ്പോഴും പരാജയപ്പെട്ടു. തൃശൂർ ഡിസിസി പ്രസിഡണ്ടിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പദ്‌മജ വേണുഗോപാൽ.

അതിനിടെ, പാർട്ടി വിടുന്നത് സംബന്ധിച്ച് ഒരു സൂചനയും പദ്‌മജ തനിക്ക് നൽകിയിട്ടില്ലെന്നും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ കൂടിയായ കെ മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ മുതൽ പദ്‌മജ തന്നെ ഫോണിൽ ബ്ളോക്ക് ചെയ്‌തിരിക്കുകയാണെന്നും അവർ പോയാൽ കോൺഗ്രസിന് ഒരു ക്ഷീണവും ഉണ്ടാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ കൂറുമാറ്റം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE