കോട്ടയം: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പാലാ പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോൺ മംഗലത്ത്. കോവിഡിനെ തുടർന്ന് ക്ളാസ് ഇല്ലാത്തതിനാൽ രണ്ടു വർഷമായി വിദ്യാർഥികൾ കാംപസിൽ വരാറില്ല. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുള്ളതായി കോളേജിന് വിവരമില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരൻ വിളിച്ചറിയിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ഇരുവരും കോഴ്‌സ് കഴിഞ്ഞവരാണെന്നും പ്രിൻസിപ്പാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷയെഴുതിയതിന് ശേഷം നിഥിനയും അഭിഷേഖും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അഭിഷേഖ് പെൺകുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുന്നതായും കണ്ടവരുണ്ട്. നിഥിന നിലത്ത് വീണുകിടക്കുന്നത് കണ്ട് മറ്റ് രണ്ടുവിദ്യാർഥികൾ അടുത്തേക്ക് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഫുഡ് ടെക്‌നോളജി വിഭാഗത്തിൽ കോഴ്‌സ് പൂർത്തിയാക്കിയ നിഥിന പരീക്ഷക്ക് എത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ നിഥിനയെ വാഹനത്തിൽ കയറ്റി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. കൊലപാതകം നടക്കുമ്പോൾ സമീപമുണ്ടായിരുന്നവരാണ് പ്രതി വള്ളിച്ചിറ സ്വദേശി അഭിഷേഖിനെ പിടികൂടി പോലീസിൽ ഏൽപിച്ചത്. കൊലപാതകം നടക്കുമ്പോൾ കോളേജിലെ സുരക്ഷാ ജീവനക്കാരും സമീപമുണ്ടായിരുന്നു. പെൺകുട്ടിയുമായി വാക്കുതർക്കം രൂക്ഷമാകുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് അഭിഷേഖ് കത്തിയെടുത്ത് ആക്രമിച്ചതെന്ന് കോളേജിലെ സുരക്ഷാ ജീവനക്കാരൻ ജോസ് പറയുന്നു. പിന്നീട് ചോര ചീറ്റുന്നതാണ് കണ്ടതെന്നും ഇദ്ദേഹം പറഞ്ഞു.
Read also: മോൻസന്റെ കൈവശമുള്ളവ എല്ലാം വ്യാജം; സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പ്