കൽപ്പറ്റ: വയനാട് പനമരത്ത് യൂത്ത് ലീഗ് പ്രവർത്തകനെ സംഘം ചേർന്ന് മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. പനമരം കീഞ്ഞുകടവ് വീട്ടിൽ സികെ മുനീറിനെയാണ് (38) പനമരം പോലീസ് ഇൻസ്‌പെക്‌ടർ വി സിജിത്തും സംഘവും അറസ്‌റ്റ് ചെയ്‌തത്. കേസിലെ 11ആം പ്രതിയാണ് ഇയാൾ. പ്രതിയെ റിമാൻഡ് ചെയ്‌തു.
പനമരത്തെ ചുമട്ടു തൊഴിലാളിയും യൂത്ത് ലീഗ് പ്രവർത്തകനുമായ കൈതക്കലിലെ പന്നിക്കോടൻ ഷൈജന് (40) നേരെ ഇക്കഴിഞ്ഞ ഡിസംബർ 15ന് ആയിരുന്നു ആക്രമണം. ഒരുകൂട്ടം ഡിവൈഎഫ്ഐ പ്രവർത്തകരും ലോഡിങ് തൊഴിലാളികളും ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചെന്നായിരുന്നു ഷൈജന്റെ പരാതി. തലക്കും പുറത്തും പരിക്കേറ്റ ഷൈജൻ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
മാനന്തവാടി ദ്വാരകയിൽ നടന്ന പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിദ്യാർഥി സംഘർഷം ഉണ്ടായിരുന്നു. കോളേജിലെ സംഘർഷത്തിൽ പനമരത്തെ എംഎസ്എഫ് പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. ഇതിനെ തുടർന്ന് രണ്ടു എസ്എഫ്ഐ പ്രവർത്തകരെ യൂത്ത് ലീഗ് പ്രവർത്തകർ പനമരം ടൗണിൽ കൈയ്യേറ്റം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഷൈജന് നേരെ ആക്രമണം ഉണ്ടായത്.
Most Read| കപ്പലുകൾക്ക് എതിരായ ആക്രമണം; തിരിച്ചടിച്ച് യുഎസും ബ്രിട്ടനും- ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം