തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ് വഞ്ചിയൂർ കുടുംബ കോടതി ഇന്നു പരിഗണിക്കും. ദത്ത് നടപടികൾ നിർത്തിവെച്ച കോടതി തുടർ നടപടികൾ എന്താണെന്ന് അറിയിക്കണമെന്ന് സർക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. വകുപ്പ് തല അന്വേഷണങ്ങളടക്കം പൂർത്തിയാകുന്നത് വരെ ദത്തു നടപടികൾ നിർത്തി വെക്കണമെന്നായിരുന്നു സർക്കാർ ആവശ്യം.
വനിതാ ശിശുക്ഷേമ ഡയറക്‌ടറുടെ അന്വേഷണം തുടരുകയാണെന്നും റിപ്പോർട് വൈകുമെന്നും സർക്കാർ ഇന്ന് കോടതിയിൽ അറിയിച്ചേക്കുമെന്നാണ് സൂചന. കോടതി ആവശ്യപ്പെട്ടത് പ്രകാരം പോലീസ് അന്വേഷണ റിപ്പോർട്ടും മുദ്രവെച്ച കവറിൽ ഇന്ന് കൈമാറിയേക്കും.
ദത്തു നടപടികളിൽ അന്തിമ തീരുമാനമാകുന്നത് വരെ ദത്ത് സ്വീകരിച്ച ആന്ധ്രാ സ്വദേശികൾക്കൊപ്പം കുഞ്ഞ് തുടരട്ടെയെന്നായിരുന്നു കോടതി തീരുമാനം. വനിതാ -ശിശുക്ഷേമ ഡയറക്‌ടറുടെ അന്വേഷണ റിപ്പോർട് രണ്ടാഴ്‌ചക്ക് ശേഷം ലഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടതിനാൽ സമയം നീട്ടി ആവശ്യപ്പെട്ടെന്നും മന്ത്രി വ്യക്‌തമാക്കി.
Read Also: ശമ്പള പരിഷ്‌കരണം; സർക്കാർ ഡോക്‌ടർമാരുടെ നിൽപ്പ് സമരം ഇന്ന് മുതൽ