അവിശ്വാസ പ്രമേയം ഇന്ന്; സര്‍ക്കാരിന് നിര്‍ണായകം

By News Desk, Malabar News
MalabarNews_ kerala govt
Representation Image
Ajwa Travels

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്. നാലര വര്‍ഷത്തെ ഭരണത്തിനിടയിലെ ആദ്യത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിക്കുവാന്‍ പോകുന്നത് ശക്തമായ ആരോപണങ്ങളാണ്. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതെങ്കിലും അതിനുശേഷം വിവാദങ്ങളുടെ പെരുമഴതന്നെയാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.

9 മണിക്ക് ധനകാര്യബില്‍ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചര്‍ച്ച. വി ഡി സതീശന്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. അംഗബലത്തില്‍ ഭരണ പക്ഷമാണ് കൂടുതലെങ്കിലും പ്രതിപക്ഷത്തിന്റെ പക്കല്‍ ഉള്ളത് വന്‍ ആരോപണങ്ങളുടെ ആയുധ ശേഖരണമാണ്.

ഇ.പി ജയരാജന്റെ ബന്ധുനിയമനമാണ് സര്‍ക്കാരിനെതിരെയുള്ള ആദ്യത്തെ ശക്തമായ വിവാദം. പിന്നീട് ബ്രൂവറി, ഡിസ്റ്റിലറി വിവാദങ്ങള്‍, ജലീലിന്റെ ബന്ധുനിയമനം, ബെവ് ക്യൂ, വൈദ്യുതി ബില്‍ എന്നിങ്ങനെ പട്ടിക നീണ്ടു കൊണ്ടിരുന്നപ്പോഴാണ് കൂടുതല്‍ പ്രഹരമേല്‍പ്പിക്കാന്‍ സ്പ്രിംഗ്ളര്‍ വന്നത്. എന്നാല്‍ കോവിഡിന്റെ വരവില്‍ അതും മുങ്ങിത്താണു കൊണ്ടിരിക്കുമ്പോഴാണ് സ്വര്‍ണക്കടത്ത് വിവാദം ഉണ്ടാവുന്നത്. കോവിഡിന്റെ വന്‍ പ്രതിസന്ധി ഘട്ടത്തിലും രക്ഷപെടാനാവാതെ ഓരോ ദിവസവും കൂടുതല്‍ രൂക്ഷമാവുകയായിരുന്നു സ്വര്‍ണക്കടത്ത് വിവാദം.

ഇതിന്റെ പേരിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ച ആവശ്യപ്പെട്ടതെങ്കിലും അവിശ്വാസത്തിന് ശക്തി പകരാന്‍ കിറ്റ് വിവാദവും ലൈഫ് മിഷന്‍ വിവാദവും അടുത്ത ദിവസങ്ങളിലായി വന്നു. അവസാനമായി തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള ടെന്‍ഡറുമായി ബന്ധപ്പെട്ട ആരോപണങ്ങളും കൂടിയായപ്പോള്‍ ഭരണ- പ്രതിപക്ഷ പോര് അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. ഇതിന്റെ എല്ലാം നടുവില്‍ പ്രതിപക്ഷത്തിന്റെ കുന്തമുനകളെ എങ്ങനെ സര്‍ക്കാര്‍ നേരിടും എന്നുള്ളത് കണ്ടറിയേണ്ടത് തന്നെയാണ്.

പ്രതിപക്ഷത്തോടൊപ്പം ബിജെപി അംഗം ഒ. രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും. വിമര്‍ശനങ്ങള്‍ എല്ലാം നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE