തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ വെല്ലുവിളിയെ പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അനുയായികളുടെ മുമ്പിൽ കയ്യടി കിട്ടാൻ വിഡി സതീശൻ വീമ്പ് പറയുകയാണ്. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല. പിന്നെയല്ലേ ഇപ്പോൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
നാടിന്റെ സമാധാനം തകർക്കാനുള്ള നീക്കം നല്ലതല്ലെന്ന് മനസിലാക്കണം. കല്യാശേരിയിൽ നിന്ന് അടി തുടങ്ങുമെന്നാണ് സതീശൻ പറയുന്നത്. നിങ്ങൾ ആരെയാണ് അടിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. വർക്കലയിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീരുവായ മുഖ്യമന്ത്രി എന്ന വിഡി സതീശന്റെ പ്രസ്‌താവനക്ക്, തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്ന് പരിഹാസ രൂപേണ പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോയെന്ന് കെപിസിസി പ്രസിഡണ്ട് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും കൂട്ടിച്ചേർത്തു.
‘പൊതുപ്രവർത്തകൻ എന്ന നിലയിൽ പോകേണ്ട സ്‌ഥലങ്ങളിലെല്ലാം പോലീസ് സുരക്ഷയില്ലാതെ പോയിട്ടുണ്ട്. തനിക്ക് ക്രിമിനൽ മനസാണോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. താൻ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണ്. ഞങ്ങൾക്ക് തുടർഭരണം കിട്ടിയതിൽ നിങ്ങൾക്ക് കലിപ്പ് ഉണ്ടാകും. മനുഷ്യരെ സ്‌നേഹിച്ചാൽ ഒരു സാമ്രാജ്യം ഉണ്ടാകും. ആ സാമ്രാജ്യത്തെ കുറിച്ച് സതീശന് അറിയില്ല’- മുഖ്യമന്ത്രി പറഞ്ഞു.
Sports | സാത്വികിനും ചിരാഗിനും ഖേൽരത്‌ന, മുഹമ്മദ് ഷമിക്ക് അർജുന